d
എം. മോനിഷ് അച്ഛൻ മണികണ്ഠനൊപ്പം(ഫയൽചിത്രം)

കൊല്ലം: നട്ടെല്ലിൽ കാൻസർ ബാധിച്ച് വേദന കടിച്ചമർത്തിക്കിടക്കുന്ന അച്ഛൻ മണികണ്ഠന്റെ കാൽ തൊട്ട് വന്ദിച്ചാണ് ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി മോനിഷ് ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ പങ്കെടുക്കാനിറങ്ങിയത്. ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡലിൽ മോനിഷിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും കിട്ടി. പക്ഷേ ട്രോഫിയുമായി നിറഞ്ഞ ചിരിയോടെ മോനിഷ് എത്തുന്നത് കാണാൻ മണികണ്ഠൻ ഉണ്ടായി​രുന്നി​ല്ല.

വർക്കിംഗ് മോഡലിന്റെ മത്സരഫലം വന്നതിന് പിന്നാലെ എസ്കോർട്ടിംഗ് ടീച്ചറായ സ്കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപിക പി. മനീഷയുടെ ഫോണിലേക്ക് മോനിഷിന്റെ ബന്ധുവിന്റെ വിളിയെത്തി. അച്ഛൻ മണികണ്ഠൻ മരിച്ചു. ഒന്നാം സമ്മാനം കിട്ടിയതറിഞ്ഞ് പരിശീലക കൂടിയായ മനീഷ ടീച്ചർ ആഹ്ളാദി​ച്ച് എത്തുമെന്നാണ് മോനിഷ് കരുതിയത്. എന്നാൽ അച്ഛന്റെ മരണവാർത്ത എങ്ങനെ പറയുമെന്നറിയാതെ ടീച്ചർ നിറകണ്ണുകളോടെയാണ് മോനിഷിന്റെ മുന്നി​ലെത്തി​യത്. അച്ഛന് അസുഖം അല്പം കൂടുതലാണെന്ന് മാത്രമേ ടീച്ചർ പറഞ്ഞുള്ളു. വൈകാതെ അദ്ധ്യാപകർക്കൊപ്പം മോനിഷ് വീട്ടിലെത്തിയപ്പോൾ അച്ഛൻ നിശബ്ദനായി അന്ത്യനിദ്ര‌യി​ൽ കിടക്കുന്നതാണ് കണ്ടത്.

സൗണ്ട് സിസ്റ്റം ബിസിനസ് നടത്തിയിരുന്ന ഉളിയനാട് മണീസ് ഭവനിൽ മണികണ്ഠൻ (54) ക്യാൻസർ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു. മണികണ്ഠന്റെയും ഷീലയുടെയും ഏകമകനായ മോനിഷ് പഠനത്തിലും സമർത്ഥനാണ്.