കൊല്ലം: ഓൺലൈൻ തട്ടിപ്പുകൾക്കെതി​രെയുള്ള ബോധവത്കരണം സജീവമാണെങ്കി​ലും ജി​ല്ലയി​ൽ പ്രതി​ദി​നം പത്തി​ലേറെ കേസുകൾ രജി​സ്റ്റർ ചെയ്യുന്നുവെന്ന് പൊലീസ് കാലം മാറുന്നതനുസരിച്ച് തട്ടിപ്പിലും പുതിയ രീതികൾ പരീക്ഷിക്കുന്നുണ്ട്. ഒ.ടി.പി, എസ്.എം.എസ് തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ബോധവാന്മാരായതോടെ ട്രേഡിംഗ് തട്ടിപ്പ്, കൊറിയർ തട്ടിപ്പ്, വെർച്വൽ അറസ്റ്റ് എന്നിവയാണ് പുതിയ രൂപങ്ങൾ.

ജില്ലയിൽ മൂന്ന് മാസത്തിനിടെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 25ൽ ഏറെയാണ്. അതേസമയം പരാതികളുടെ എണ്ണം 100ൽ കൂടുതലും. വെബ്‌സൈറ്റ് വഴി നൽകുന്ന പരാതികൾക്ക് പുറമേ ഉള്ളതാണിത്. ട്രേഡിംഗ്, ഫെഡ്എക്‌സ്, കൊറിയർ തട്ടിപ്പ് കേസുകളാണ് കൂടുതലും രജിസ്റ്റർ ചെയ്യുന്നത്. ട്രേഡിംഗ് തട്ടിപ്പിൽ 1.7 കോടിരൂപ വരെ നഷ്ടപ്പെട്ട കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വർക്ക് ഫ്രം ഹോം, ഓൺലൈൻ ടൈപ്പിംഗ് ടാസ്‌ക്കുകൾ, ഓൺലൈൻ സമ്മാനം ലഭിച്ചുവെന്ന പേരിലുള്ള തട്ടിപ്പ് എന്നിവയിൽ കൂടുതലും ഇരയാകുന്നത് സ്ത്രീകളാണ്.

കെ.വൈ.സി അപ്‌ഡേഷന്റെ പേരിൽ ഇരകളാകുന്നത് കൂടുതലും 50 വയസിന് മുകളിലുള്ളവരാണ്. വെർച്വൽ അറസ്റ്റുമായി ബന്ധപ്പെട്ട് പരാതികൾ സെപ്തംബറി​ൽ ലഭിച്ചിരുന്നില്ലെങ്കിലും ഈ മാസം അനുദിനം കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നതായി സൈബർ സെൽ അധികൃതർ വ്യക്തമാക്കുന്നു. തട്ടി​പ്പുകാരി​ൽ നി​ന്ന് 16 ലക്ഷം രൂപ സൈബർ സെൽ ഇതിനോടകം തിരിച്ചുപിടിച്ചു. ഇ - സിമ്മിന്റെ പേരിലും തട്ടിപ്പ് തുടരുന്നുണ്ട്. തട്ടി​പ്പി​ന് ഇരയാകുന്നവരി​ൽ ഭൂരി​ഭാഗവും ഉന്നത വി​ദ്യാഭ്യാസമുത്ത്ത്തവരാണെന്നതാണ് മറ്റൊരു വസ്തുത.


ട്രേഡിംഗ് തട്ടിപ്പ്

ട്രേഡിംഗ് തട്ടിപ്പിന്റെ ആദ്യ രീതി, പണം ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചാൽ ഇരട്ടിയായി തിരികെ ലഭിക്കുമെന്ന വാഗ്ദാനങ്ങളാണ്. ആളുകളുടെ വിശ്വാസം നേടിയെടുത്ത ശേഷം തട്ടിപ്പുകാർ ഇരകളെ വാട്‌സാപ് ഗ്രൂപ്പുകളിൽ ചേർത്ത് പിന്നീട് അവർ നിർദേശിക്കുന്ന ട്രേഡിംഗ് ആപ്പുകളിൽ പണം നിക്ഷേപിക്കാൻ നിർബന്ധിക്കും. ഇത്തരം ആപ്പുകളിൽ യഥാർത്ഥ ഓഹരി വ്യാപാരത്തിന് പകരം 'പേപ്പർ ട്രേഡിംഗ്' ആണ് നടക്കുന്നത്. തട്ടിപ്പ് ഉപഭോക്താവിന് മനസിലാകുമ്പോഴേക്കും വൻതുക നഷ്ടമായിരിക്കും. സെബിയിൽ രജിസ്റ്റർ ചെയ്ത ഏജന്റ് എന്ന നിലയിലും നിക്ഷേപകരെ ചതിക്കുഴിയിൽ വീഴ്ത്തുന്നുണ്ട്.


ഉടൻ പരാതി നൽകണം

ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ സമയം കളയാതെ തന്നെ പരാതി നൽകുകയോ വിവരം പൊലീസിൽ അറിയിക്കുകയോ ചെയ്യണമെന്ന് സൈബർ പൊലീസ്. ഒരുമണിക്കൂറിനകം (ഗോൾഡൻ അവർ) വിവരം സൈബർ സെല്ലിൽ നേരിട്ടോ ഫോൺ വഴിയോ വെബ്‌സൈറ്റ് വഴിയോ അറിയിക്കണം. ഇങ്ങനെ ചെയ്താൽ തട്ടിപ്പുകാരെ പെട്ടെന്ന് കണ്ടെത്താനും പണം തിരികെ ലഭിക്കാനുള്ള സാദ്ധ്യതകളും ഏറുമെന്ന് സൈബർ സെൽ അധികൃതർ പറയുന്നു.

പരാതി അറിയിക്കാനുള്ള നമ്പർ: 1930

വെബ്‌സൈറ്റ് www cybercrime gov. in