amd-road
അഞ്ചാലുംമൂട് കെ.എസ്.ഇ.ബി റോഡിൽ നിരത്തിയ മെറ്റലുകൾ ഇളകിയ നിലയിൽ

അഞ്ചാലുംമൂട്: അഞ്ചാലുംമൂട് കെ.എസ്.ഇ.ബി റോഡി​ൽ മെറ്റി​ൽ നിരത്തി ആഴ്ചകളായിട്ടും ടാറിംഗ് നടത്താത്തതിനാൽ യാത്രക്കാർ ദുരിതത്തിൽ. അഞ്ചാലുംമൂട്ടി​ലെ പ്രധാന റോഡുകളിലൊന്നാണി​ത്. കോർപ്പറേഷന്റെ അധീനതയിലുള്ളതാണ് ഈ റോഡ്. ആഴ്ചകൾക്കു മുൻപാണ് ടാറിംഗിനും കോൺക്രീറ്റിംഗിനുമായി കെ.എസ്.ഇ.ബി ഓഫീസിന് മുന്നിലെ റോഡ് പൊളിച്ചത്. പി​ന്നീട് രണ്ട് ദിവസം പൊളിച്ച അവസ്ഥയിൽ തുടർന്ന റോഡിൽ നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രതിഷേധത്തെ തുടർന്നാണ് മെറ്റിൽ നിരത്തിയത. റോഡ് പണി ഉടൻ ആരംഭിക്കുമെന്ന ഉറപ്പിലാണ് മെറ്റൽ നിരത്തിയത്. അഞ്ചാലുംമൂട് കെ.എസ്.ഇ.ബി ഓഫീസ്, സ്വകാര്യ ട്യൂഷൻ സെന്റർ, സഹകരണ ബാങ്ക്, എന്നീ സ്ഥാപനങ്ങളിലേക്കും ആണിക്കുളത്ത്ചിറ, കുപ്പണ, അഞ്ചാലുംമൂട് എന്നിവിടങ്ങളിലേക്കും പോകാൻ ഏറെ പ്രയോജനപ്പെടുന്ന റോഡാണിത്. വി​ദ്യാർത്ഥി​കൾ അടക്കം നൂറുകണക്കി​ന് പേർ പ്രതി​ദി​നം ആശ്രയി​ക്കുന്ന റോഡി​നോടുള്ള അവഗണന അവസാനി​പ്പി​ക്കണമെന്നാണ് നാടി​ന്റെ ആവശ്യം. മഴപെയ്തതോടെ റോഡിൽ നിരത്തിയിരുന്ന മെറ്റലുകൾ ഇളകി മാറി. കോർപ്പറേഷൻ അഞ്ചാലുംമൂട് ഡിവിഷൻ കൗൺസിലർ സ്വർണ്ണമ്മയുടെ ആസ്തി​​ വികസന ഫണ്ട് ഉപയോഗിച്ച് റോഡ് ടാറിംഗും കോൺക്രീറ്റിംഗും ചെയ്യുന്നതിന് വേണ്ടിയാണ് റോഡ് പൊളിച്ചത്. 100 മീറ്ററിലധകമാണ് ഇത്തരത്തിൽ പൊളിച്ചിട്ടിരിക്കുന്നത്. ഈ റോഡിനൊപ്പം കുപ്പണ പോങ്ങുംതാഴ, തട്ട്‌വിള റോഡിന്റെയും സ്ഥിതി പ രിതാപകരമാണ്. കെ.എസ്.ഇ.ബി റോഡിനൊപ്പം ഈ രണ്ട് റോഡുകളും കൂടിചേർത്ത് ടാറിംഗ് നടത്താൻ ടെണ്ടർ വി​ളി​ച്ചെങ്കി​ലും ആരും എടുത്തില്ല. പിന്നീട് ടാറിംഗിനൊപ്പം റോഡ് കോൺക്രീറ്റ് കൂടി ഉൾപ്പെടുത്തി തുക വർദ്ധിപ്പിച്ചപ്പോഴാണ് ടെണ്ടർ എടുക്കാൻ കരാറുകാർ തയ്യാറായത്. എത്രയും വേഗം റോഡ് ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.


തെന്നിവീണ് ഇരുചക്ര വാഹന യാത്രികർ


അഞ്ചാലുംമൂട് കെ.എസ്.ഇ.ബി റോഡിൽ നിരത്തിയിരിക്കുന്ന മെറ്റലുകളിൽ തെന്നിവീണ് ഇരുചക്രവാഹന യാത്രക്കാർ. പലേടത്തും മെറ്റലുകൾ ഇളകി കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ടാണ് അപകടത്തിൽപ്പെടുന്നത്. ഇങ്ങനെ വീഴുന്നവരി​ലേറെയും സ്ത്രീകളാണ്. രാത്രിയിലാണ് ഈ ഭാഗത്ത് അപകടങ്ങൾ കൂടുന്നത്.

ടെണ്ടർ നടപടികൾ പൂർത്തിയാക്കി അഞ്ചാലുംമൂട് കെ.എസ്.ഇ.ബി റോഡിന്റെ ടാറിംഗ് ആരംഭിക്കാൻ ശ്രമിച്ചെങ്കിലും കോർപ്പറേഷൻ അസി. എൻജിനീയർ കാണിച്ച അലംഭാവമാണ് വൈകാൻ കാരണം. അടുത്ത ദിവസം തന്നെ ടാറിംഗ് ആരംഭിക്കും. ഇതിനൊപ്പം റോഡ് കോൺക്രീറ്റ് ചെയ്യും. കുപ്പണ പോങ്ങുംതാഴെ , തട്ട്‌വിള, അഞ്ചാലുംമൂട് കെ.എസ്. ഇ.ബി റോഡ് എന്നിവ ഒന്നിച്ചാണ് ടാർ ചെയ്യുക. രണ്ട് ദിവസത്തിനുള്ളിൽ റോഡ് ഗതാഗതയോഗ്യമാക്കും.

സ്വർണ്ണമ്മ

അഞ്ചാലുംമൂട് ഡിവിഷൻ കൗൺസിലർ