കൊല്ലം: അറ്റകുറ്റപ്പണി നടത്താത്തതി​നാൽ കളക്ടറേറ്റി​ലെ നിരീക്ഷണ ക്യാമറകൾ കൂട്ടത്തോടെ തകരാറിൽ. പലയിടങ്ങളിലായി സ്ഥാപിച്ചിരുന്ന 36 ക്യാമറകളിൽ എട്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്.

2016ൽ കളക്ടറേറ്റിൽ സ്ഫോടനം നടന്നതിന് പിന്നാലെയാണ് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്യാമറകൾ സ്ഥാപിച്ചത്. അറ്റകുറ്റപ്പണിക്കുള്ള കരാർ ഓരോ വർഷവും പുതുക്കുകയായി​രുന്നു. മൂന്ന് മാസം മുൻപ് കരാർ കാലാവധി അവസാനിച്ചതിന് പിന്നാലെ സർക്കാരിനോട് പുതുക്കാനുള്ള പണം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുവദിച്ചില്ല. ഒന്നരവർഷം മുൻപ് കളക്ടറെ കാണാനെത്തിയ വയോധികൻ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചിരുന്നതാണ്.

കളക്ടറേറ്റിന്റെ ഗ്രൗണ്ട് ഫ്ലോറിലുള്ള സെർജന്റിന്റെ ഓഫീസ് മുറിയിലാണ് നിരീക്ഷണ ക്യാമറകളുടെ സെർവറും മോണിട്ടറും സ്ഥാപിച്ചിരിക്കുന്നത്. സ്ഫോടനം നടക്കുമ്പോൾ നിരീക്ഷണ ക്യാമറകൾ കാര്യമായി ഇല്ലാതി​രുന്നതിനാൽ പ്രതികൾ സ്ഫോടക വസ്തു സ്ഥാപിക്കാനെത്തുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നില്ല. കോടതികളും പ്രവർത്തിക്കുന്നതിനാൽ ആയിരക്കണക്കിനാളുകളാണ് ഓരോ ദിവസവും കളക്ടറേറ്റ് വളപ്പിൽ എത്തുന്നത്. ഇടയ്ക്കിടെ കളക്ടറേറ്റിനുള്ളിൽ കടന്ന് പ്രതിഷേധങ്ങളും ഉണ്ടാകാറുണ്ട്.

നിരീക്ഷണ ക്യാമറ, സംവിധാനത്തിന്റെ എ.എം.സി പുതുക്കാനുള്ള പണം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണം ലഭിക്കുന്നതിന് പിന്നാലെ അറ്റകുറ്റപ്പണി നടത്തി നിരീക്ഷണ സംവിധാനം ശക്തമാക്കും

കളക്ടറേറ്റ് അധികൃതർ