കൊല്ലം: കർമങ്ങളിലും ഫലങ്ങളിലും മുഴുകിയിരിക്കുമ്പോൾ ജീവിതം യാന്ത്രികമാവുമെന്നും ആസ്വാദനം വെറും തോന്നൽ മാത്രമാവുമെന്നും സ്വാമി അദ്ധ്യാത്മാനന്ദ പറഞ്ഞു. തുച്ഛമായ ആവേശങ്ങൾക്ക് വഴങ്ങി വിരസ ജീവിതം നയിക്കുന്നത് ദൗർഭാഗ്യമാണെന്നും സ്വാമി പറഞ്ഞു. ഭഗവദ് ഗീത രണ്ടാം അദ്ധ്യായത്തിൽ കർമയോഗ സംബന്ധിയായ ശ്ലോകങ്ങൾ വ്യാഖ്യാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനിവാര്യമായ കർമഫലത്തെ ഭഗവദ്ഗീത ഒരാൾക്കും നിഷേധിക്കുന്നില്ല. അതൊട്ട് സാദ്ധ്യവുമല്ല. തള്ളപ്പശുവിനെത്തേടി പശുക്കുട്ടി എത്തുമ്പോലെ കർമഫലം കർത്താവിനെ തേടിയെത്തുക തന്നെ ചെയ്യും. എന്നാൽ സ്വാത്മ വൈഭവത്തെ കർമഫല ഭോഗത്തിനു മാത്രമായി പരിമിതപ്പെടുത്താൻ തയ്യാറല്ലെങ്കിൽ പറന്നുയരാൻ ആത്മ വികാസത്തിന്റെ പുതിയ ചക്രവാളങ്ങൾ ഉണ്ടെന്ന് ഭഗവാൻ ക്ഷണിക്കുന്നു.
കർമഫലത്തിന്റെ നിസ്സാരത അറിയുമ്പോൾ പുതിയൊരു മൂല്യബോധത്താൽ പ്രചോദിതരാവുമെന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പ്രഭാഷണ പരമ്പര എന്നും വൈകിട്ട് 6 മുതൽ 7.30 വരെ കൊല്ലം ആശ്രാമം ശ്രീനാരായണ സാംസ്ക്കാരിക സമുച്ചയത്തിന്റെ മുഖമണ്ഡപത്തിൽ നടക്കും.