clean-

തൃശൂർ: ബയോമെഡിക്കൽ മാലിന്യം ഒഴികെ എല്ലാ അജൈവ മാലിന്യങ്ങളും ക്ലീൻ കേരള കമ്പനിക്ക് ദിവസവും കൈമാറാനുളള നടപടികൾ തുടങ്ങിയതോടെ മുഖം മിനുക്കി മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ്. മെഡിക്കൽ കോളേജിലെ മാലിന്യസംസ്‌കരണത്തിന് ക്ലീൻ കേരള കമ്പനിയുമായി ആശുപത്രി അധികൃതർ കഴിഞ്ഞദിവസമാണ് കരാറിൽ ഒപ്പിട്ടത്.

വിലയുള്ള പ്ലാസ്റ്റിക്കുകൾക്ക് സർക്കാർ നിശ്ചയിച്ച പ്രകാരമുള്ള തുക കമ്പനി മെഡിക്കൽ കോളേജിന് നൽകും, ഉപയോഗശൂന്യമായ മാലിന്യങ്ങൾക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള തുക കമ്പനിക്ക് ആശുപത്രിയിൽ നിന്നും നൽകേണ്ടിവരും. കമ്പനിക്ക് നൽകിയ പേപ്പർ വേസ്റ്റുകൾക്കുള്ള തുകയുടെ ചെക്ക് ആശുപത്രി സൂപ്രണ്ടിന് കമ്പനി അധികൃതർ കൈമാറിയിരുന്നു. സന്നദ്ധ സംഘടനകൾ വിതരണം ചെയ്യുന്ന ആറായിരത്തോളം പൊതിച്ചോറുകളിൽ നിന്നുണ്ടാകുന്ന ഭക്ഷണ അവശിഷ്ടങ്ങൾ പ്ലാന്റിൽ എത്തിക്കും.

വാർഡുകളിൽ നിന്നും വരുന്ന ഒരു ടൺ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിക്കും. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വേസ്റ്റുകൾ തമിഴ്‌നാട്ടിലെ സിമന്റ് ഫാക്ടറിക്ക് കൈമാറാനുമുള്ള കരാറിനാണ് ക്ലീൻ കേരള കമ്പനിയുമായി ആശുപത്രി അധികൃതർ ഒരു വർഷത്തേക്ക് കരാറിൽ ഒപ്പുവച്ചിട്ടുള്ളത്.

എല്ലാ വാർഡുകളിലും ബിന്നുകൾ

ആശുപത്രിയിലെ എല്ലാ വാർഡുകളിലും മാലിന്യം ഇടുന്നതിന് പ്രത്യേകം ബിന്നുകൾ സ്ഥാപിച്ചു. എല്ലാ രോഗികൾക്കും, കൂട്ടിരി പ്പുകാർക്കും വായിക്കാൻ കഴിയത്തക്ക രീതിയിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷയിലുള്ള നിർദ്ദേശക ബോർഡുകൾ സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാർക്കും പ്രത്യേക പരിശീലനവും പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചിരുന്നു. പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ നവ കേരള മിഷൻ നോഡൽ ഓഫീസർ പി.എസ്. ജയകുമാർ എന്നിവർ പങ്കെടുത്തിരുന്നു.


ഭക്ഷണഅവശിഷ്ടം: ഒരു ടൺ

അജൈവ മാലിന്യങ്ങൾ: ഒരു ടൺ

ദിവസവും മാലിന്യം മാറ്റും

ദിവസവും ഉണ്ടാകുന്ന ജൈവ - അജൈവമാലിന്യങ്ങൾ ശരിയായ രീതിയിൽ ശേഖരിക്കും.
മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാനുമുള്ള സൗകര്യങ്ങളും നിലവിൽ വരും.
കാഷ്വാലിറ്റിക്ക് സമീപം ജനങ്ങൾക്ക് അസൗകര്യമാകുന്ന ശേഖരണവും തരംതിരിക്കലും ഒഴിവാക്കി
മാലിന്യം തരംതിരിക്കൽ പേവാർഡിനു സമീപമുള്ള സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി


മെഡിക്കൽ കോളേജിലെ മാലിന്യ സംസ്‌കരണത്തിന് ഇതോടെ ഒരു ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

- ശംഭു ഭാസ്‌കർ, ജില്ലാ മാനേജർ , ക്ലീൻ കേരള കമ്പനി