 
ചാലക്കുടി: നിരന്തര അപകടങ്ങൾക്കും ഗതാഗത തടസത്തിനും പിന്നാലെ പ്രഖ്യാപിച്ച പോട്ടയിലെ സർവീസ് റോഡ് നവീകരണം ഇനിയും ആരംഭിക്കാതെ ദേശീയ പാത അതോറിറ്റി. 2013 മുതൽ കവല ജംഗ്ഷനിൽ ഏഴ് പേരാണ് മരിച്ചത്. ദേശീയപാത ആറു വരിയാക്കുന്ന പ്രവൃത്തി നടക്കുമ്പോൾ തന്നെ ദേശീയപാത അധികൃതർ ഇതിനായി 400 മീറ്റർ നീളത്തിൽ ഭൂമി ഏറ്റെടുത്തിരുന്നു. എന്നാൽ പല കാരണങ്ങളാൽ മരങ്ങൾ മുറിക്കുന്നതും ഭൂമി അളക്കുന്നതും വൈകി. നഗരസഭ മുൻ കൈയെടുത്താണ് മാസങ്ങൾക്ക് മുമ്പ് മരങ്ങൾ ലേലം ചെയ്തത്. ഇതിനിടെ ഭൂമിയും അളന്നു തിട്ടപ്പെടുത്തി. വീതി കൂട്ടുന്നതിന് റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനും നഗരസഭ, കെ.എസ്.ഇ.ബിയിൽ പണമടച്ചു. ഇതിനിടെ വീതി കൂട്ടുംവരെ സുന്ദരി കവല സർവീസ് റോഡിലൂടെയുള്ള ഇരുവരി ഗതാഗതം നിറുത്തണമെന്ന് പൊലീസ് നിർദ്ദേശിച്ചിരുന്നു. പിന്നീട് ദേശീയ പാതയിൽ നിന്നും കവലയിലേയ്ക്കുള്ള പ്രവേശനവും തടഞ്ഞു. നിരവധി പ്രതിഷേധങ്ങൾക്ക് ശേഷം പ്രസ്തുത റോഡ് നവീകരിച്ച് ഇരുവരി ഗതാഗതത്തിന് സജ്ജമാക്കുമെന്ന് ദേശീയ പാത അധികൃതർ നഗരസഭയ്ക്ക് ഉറപ്പും നൽകിയിരുന്നു. സെപ്തംബർ 30ന് ആരംഭിക്കുമെന്ന പ്രഖ്യാപനം വൈകുന്നതിൽ വിവിധ സംഘടനകളും രാഷ്ടീയ പാർട്ടികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
ദേശീയ പാത ഉപരോധിക്കും
പോട്ട സർവീസ് റോഡ് നവീകരിച്ചില്ലെങ്കിൽ ദേശീയ പാത ഉപരോധിക്കൽ അടക്കമുള്ള സമരത്തിന് ഒരുങ്ങുകയാണ് ആക്ഷൻ കൗൺസിൽ പ്രവർത്തകർ. ഇക്കാര്യം ദേശീയപാത അതോറിറ്റിയെ അറിയിച്ചു. രണ്ടായിരത്തോളം പ്രവർത്തകരെ അണിനിരത്തിയുള്ള സമരം മൂന്നു ദിവസത്തിനകം നടത്തുമെന്ന് നഗരസഭ കൗൺസിലർ വത്സൻ ചമ്പക്കര അറിയിച്ചു. സുന്ദരി കവല സർവീസ് റോഡ് വീതികൂട്ടി ഇരുവരി ഗതാഗതം അനുവദിക്കുമെന്ന് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.എച്ച്.ഐ.എ ഉറപ്പ് നൽകിയിരുന്നു. ഇത് നടപ്പാക്കുന്നതിന് നാട്ടുകാർ സജീവമായി രംഗത്തുണ്ടെന്നും കൗൺസിലർ പറഞ്ഞു.
പ്രതിഷേധം, അറസ്റ്റ്
റോഡ് നവീകരണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭ ചെയർമാൻ എബി ജോർജിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ കഴിഞ്ഞ ദിവസം ചാലക്കുടി പോട്ട സർവീസ് റോഡ് ഉപരോധിച്ചിരുന്നു. ചെയർമാൻ ഉൾപ്പെടെയുള്ളവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൗൺസിലർമാരായ വത്സൻ ചമ്പക്കര, ജോജി കാട്ടാളൻ, തോമസ് മാളിയേക്കൽ തുടങ്ങിയവരാണ് സമരത്തിൽ പങ്കെടുത്തത്. പിന്തുണയുമായി മറ്റ് ജനപ്രതിനിധികളും നാട്ടുകാരുമെത്തിയിരുന്നു.