atm-robbery

തൃശൂർ: എ.ടി.എം കവർച്ചയിൽ ഒരു പ്രതിയുടെ വിരലടയാളം ദേശീയ ഡാറ്റാബേസിൽ നിന്ന് തിരിച്ചറിഞ്ഞതായി സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ അറിയിച്ചു. മഹാരാഷ്ട്രയിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് വിരലടയാളം ഡാറ്റാബേസിൽ ചേർത്തത്. അതോടൊപ്പം ഉണ്ടായിരുന്ന ആധാർകാർഡും മറ്റും വ്യാജമാണ്.

സിറ്റി,റൂറൽ പരിധിയിൽ നിന്ന് ഇതേ വിരലടയാളം ലഭിച്ചിട്ടുണ്ട്. മറ്റുചില വിരലടയാളങ്ങളും എ.ടി.എമ്മുകളിൽ നിന്നു കിട്ടിയിട്ടുണ്ടെങ്കിലും തിരിച്ചറിയാനായിട്ടില്ല. ഏഴംഗ സംഘത്തിലെ മൂന്നു പേർ ചേർന്നാണ് എ.ടി.എം പൊളിച്ചതെന്ന് കരുതുന്നു. പ്രതികളെ നാലിനോ അഞ്ചിനോ തൃശൂരിൽ കൊണ്ടുവരാനായേക്കും. അഞ്ചുപേരെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷയാണ് സിറ്റി - റൂറൽ പൊലീസ് നൽകുക. ഒരാൾ കൊല്ലപ്പെട്ടു. ഒരാൾ പരിക്കേറ്റ് ചികിത്സയിലുമാണ്.

ആന്ധ്രയിൽ നിന്ന്

കവർന്നത് 1.5 കോടി

ആന്ധ്രാപ്രദേശിൽ ആഗസ്റ്റിൽ നടന്ന അഞ്ച് സമാന കവർച്ചകളിൽ 1.5 കോടി രൂപ തട്ടിയെടുത്തതും ഈ സംഘമാണെന്ന് നാമക്കൽ എസ്.പി രാജേഷ് കണ്ണൻ കേരളകൗമുദിയോട് പറഞ്ഞു. ആഗസ്റ്റ് 18ന് പുലർച്ചെ വിശാഖപട്ടണത്തെ രണ്ട് എസ്.ബി.ഐ എ.ടി.എമ്മുകളിൽ നടന്ന കവർച്ചയാണ് ഒടുവിലത്തേത്. 33 ലക്ഷം രൂപയാണ് അന്ന് കൊള്ളയടിച്ചത്. അഞ്ച് പേരടങ്ങുന്നതായിരുന്നു സംഘം.