c

ചേർപ്പ് : ആറാട്ടുപുഴ മന്ദാരം ലിഫ്ട് ഇറിഗേഷൻ കനാലിൽ നിന്നും പാടത്തേക്ക് വെള്ളം കൊണ്ടുപോകുന്ന സ്ലുയിസുകളിൽ തംബകം ഷട്ടറുകൾ സ്ഥാപിക്കും. 40 ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്നലെ നടന്നു. 470 മീറ്റർ നീളത്തിലാണ് കോൺക്രീറ്റ് ഉപയോഗിച്ച് കനാൽ നവീകരിക്കുക. കനാലിൽ നിന്നും പാടത്തേക്ക് വെള്ളം കൊണ്ടുപോകുന്ന സ്ലൂയിസുകൾ അറ്റകുറ്റപ്പണികൾ നടത്തിയാണ് നിലവിലുള്ളവയ്ക്ക് പകരം തംബകം ഷട്ടറുകൾ സ്ഥാപിക്കുക. നവീകരണം പൂർത്തിയാകുന്നതോടെ കനാൽ വെള്ളം കൂടുതൽ കൃത്യതയോടെ കാർഷിക ആവശ്യങ്ങൾക്ക് ലഭ്യമാകും.
നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ് അദ്ധ്യക്ഷനായി. കെ. രവീന്ദ്രനാഥൻ, സീന ബീഗം, സന്ധ്യാ കുട്ടൻ, അംബുജാക്ഷൻ, രതീദേവി, സരിത വിശ്വൻ, പ്രിയചന്ദ്രൻ, എൻ.ടി. സജീവൻ, ഒ.എസ്. സുബീഷ്, ചന്ദ്രൻ മുല്ലപ്പിള്ളി, ശക്തിധരൻ, സിജോ ഇടപ്പിള്ളി, സി. സുധാകരൻ, കെ. രഘുനന്ദനൻ, എം. രാജേന്ദ്രൻ, സ്മിത എന്നിവർ പങ്കെടുത്തു.

240 ഹെക്ടർ കൃഷിയിടത്തിലേക്ക് വെള്ളം
1968ൽ കമ്മിഷൻ ചെയ്ത മന്ദാരം ലിഫ്ട് ഇറിഗേഷൻ പദ്ധതിയിലൂടെ ഏകദേശം 240 ഹെക്ടർ കൃഷിഭൂമിയിലേക്കാണ് വെള്ളം എത്തുന്നത്. ആറാട്ടുപുഴ, പനംകുളം, പല്ലിശ്ശേരി, എട്ടുമുന, ഊരകം തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് മന്ദാരം ലിഫ്ട് ഇറിഗേഷൻ വഴി വെള്ളം ലഭ്യമാകുന്നത്. തൃശൂർ മൈനർ ഇറിഗേഷൻ വിഭാഗങ്ങൾ വഴി 75 എച്ച്.പി, എഴുപത് എച്ച്.പി വീതമുള്ള രണ്ട് മോട്ടോർ പമ്പുസെറ്റ് ഉപയോഗിച്ചാണ് കരുവന്നൂർ പുഴയിൽ നിന്നും വെള്ളം പമ്പ് ചെയ്യുന്നത്.