rk

ഉദ്ഘാടനത്തിന് സജ്ജമായ കയ്പമംഗലം പഞ്ചായത്ത് ബസ് സ്റ്റാൻഡ്.

കയ്പമംഗലം : കയ്പമംഗലത്തും ബസ് സ്റ്റാൻഡ് എന്ന സ്വപ്‌നം യാഥാർത്ഥ്യത്തിലേക്ക്. മൂന്നുപീടിക അറവുശാലയിൽ കയ്പമംഗലം പഞ്ചായത്ത് പണികഴിപ്പിച്ച ബസ് സ്റ്റാൻഡിന്റെ സമർപ്പണം ഒക്ടോബർ അവസാനവാരം നടത്തുമെന്നാണ് സൂചന. 15 ലക്ഷം രൂപ ചെലവഴിച്ചാണ് നൂതന സംവിധാനങ്ങളോടെ പഞ്ചായത്ത് ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 2011 ലാണ് ബസ് സ്റ്റാൻഡ് നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. പൂർണമായും സോളാർ വൈദ്യുതി ഉപയോഗിച്ചാകും സ്റ്റാൻഡിന്റെ പ്രവർത്തനം. ഇതിനായി ബസ് സ്റ്റാൻഡിന് മുകളിൽ മുഴുവനായും സോളാർ പാനലുകൾ സ്ഥിപിക്കുന്നതിന് 17 ലക്ഷം രൂപയും ചെലവായി. അഞ്ച് ലക്ഷം രൂപ ചെലവിൽ വാട്ടർ എ.ടി.എം സൗകര്യവുമൊരുക്കിയിട്ടുണ്ട്. ബസ് സ്റ്റാൻഡിലെ കടമുറികളെല്ലാം തന്നെ ഇതിനകം തന്നെ കച്ചവടക്കാർ ലേലത്തിൽ സ്വന്തമാക്കിക്കഴിഞ്ഞു. ബസ് സ്റ്റാൻഡിന് തടസ്സമെന്ന നിലയിൽ നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിലേക്കായി 2.51 ലക്ഷം രൂപയാണ് പഞ്ചായത്ത് വൈദ്യുതി ബോർഡിന് നൽകിയത്. ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതോടെ ബസ് സ്റ്റാൻഡിന് ആർ.ഡി.ഒയുടെ അനുമതി ലഭ്യമാകും.
ഗുരുവായൂരിൽ നിന്നും കൊടുങ്ങല്ലൂർ, എറണാകുളം ഭാഗത്തേക്കും എറണാകുളത്ത് നിന്നും കൊടുങ്ങല്ലൂർ, തൃപ്രയാർ വഴി ഗുരുവായൂരിലേക്കും പോകുന്ന ബസുകളും ഇരിങ്ങാലക്കുടയിൽ നിന്നും വരുന്നതും പോകുന്നതുമായ ബസുകളും ഈ ബസ് സ്റ്റാൻഡിലൂടെ കടന്നുപോകും. ബസ് സ്റ്റാൻഡ് വരുന്നത് കയ്പമംഗലം മൂന്നുപീടികയുടെ വ്യാപാര വളർച്ചയ്ക്കും ഏറെ സഹായകമാകും.

വൈദ്യുതി പോസ്റ്റ് നീങ്ങുന്നതോടെ ആർ.ഡി.ഒയുടെ അനുമതി ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഒക്ടോബർ അവസാന വാരത്തിൽ ഉദ്ഘാടന ചടങ്ങ് നടത്താനാകുമെന്നാണ് കരുതുന്നത്.
- ശോഭന രവി
(കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ്)

സൗകര്യങ്ങളേറെ