തൃശൂർ: ജില്ലാ കൗൺസിൽ യോഗത്തിൽ തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധമുണ്ടായെന്നും ആർ.എസ്.എസ് - സി.പി.എം ബന്ധം ആരോപിച്ചെന്നുമുള്ള വാർത്തകൾ വാസ്തവവിരുദ്ധമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്. പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ കൃത്യമായ നിലപാട് ആ ഘട്ടത്തിൽ വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപ് നടന്ന പൂരത്തെ രാഷ്ട്രീയ താത്പര്യത്തിന് പ്രയോജനപ്പെടുത്തുകയെന്ന അജൻഡ സംഘപരിവാറിനുണ്ടായിരുന്നു. എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട് അപൂർണമാണെന്ന കുറിപ്പോടെ ഡി.ജി.പിയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയും മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയെന്ന വാർത്ത വാസ്തവമാണെങ്കിൽ, ഇക്കാര്യത്തിൽ സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് പുറത്ത് കൊണ്ടുവരണമെന്നതാണ് സി.പി.ഐ നിലപാട്. സി.പി.ഐ - സി.പി.എം ഭിന്നതയെന്ന് വരുത്തിത്തീർക്കാനുള്ള മാദ്ധ്യമങ്ങളുടെ വിലകുറഞ്ഞ കള്ളക്കഥകൾ പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളയണമെന്ന് കെ.കെ. വത്സരാജ് ആവശ്യപ്പെട്ടു.