തൃശൂർ: വിവിധ സ്റ്റേഷനുകളിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നശിപ്പിച്ച് തൃശൂർ സിറ്റി പൊലീസ്. പിടിച്ചെടുത്ത 38.5 കിലോഗ്രാം കഞ്ചാവും രണ്ടേകാൽ കിലോ എം.ഡി.എം.എയും ചിറ്റിശ്ശേരിയിലെ ഓട്ടുകമ്പനിയിലെ ചൂളയിലാണ് കത്തിച്ചത്. സിറ്റി ഡ്രഗ്‌സ് ഡിസ്‌പോസൽ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്. സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ, സ്‌പെഷ്യൽ ബ്രാഞ്ച് അസി. കമ്മിഷണർ കെ.കെ.സജീവൻ, ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മിഷണർ വൈ. നിസാമുദ്ദീൻ, തൃശൂർ സിറ്റി നാർക്കോട്ടിക്ക് സെൽ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി. കഴിഞ്ഞ ജൂലായ് 31 ന് 19 കിലോ കഞ്ചാവ് നശിപ്പിച്ചിരുന്നു. ഗാന്ധിജയന്തി ദിനവുമായി ബന്ധപ്പെട്ട് ലഹരിവിരുദ്ധവാരാഘോഷത്തിന്റെ ഭാഗമായി തൃശൂർ സിറ്റിയിലെ സ്‌കൂളുകൾ,കോളേജ് കേന്ദ്രീകരിച്ച പൊലീസ് ബോധവത്കരണ ക്ലാസും റാലിയും സംഘടിപ്പിച്ചു.