road
ചാലക്കുടി പാലസ് റിംഗ് റോഡ് സൗന്ദര്യ വത്ക്കരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു

ചാലക്കുടി: നഗരസഭയിൽ ജനപങ്കാളിത്വത്തോടെ നടപ്പിലാക്കുന്ന ചാലക്കുടി സൗന്ദര്യവത്കരണ പദ്ധതിക്ക് പാലസ് റിംഗ് റോഡിൽ തുടക്കം. പാലസ് റിംഗ് റോഡ് ഉൾപ്പെടുന്ന നഗരസഭയിലെ 16,17,18,19,20 വാർഡുകളിലെ വികസന സമിതി, ചാലക്കുടി ലയൺസ് ക്ലബ്, സെന്റ്.ജെയിംസ് അക്കാഡമി എന്നിവയുടെ നേതൃത്വത്തിലാണ് ചാലക്കുടി സൗന്ദര്യവത്കരണ പദ്ധതിയായ എന്റെ പരിസര ശുചിത്വം എന്റെ ഉത്തരവാദിത്വം പദ്ധതി നടപ്പാക്കുന്നത്. പാലസ് റിംഗ് റോഡ് മാതൃകാ റോഡാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
വഴിയോര വിശ്രമത്തിന് ബെഞ്ച് സ്ഥാപിക്കൽ, കലങ്കുകൾ വീതികൂട്ടൽ, ഓപ്പൺ ജിം സജ്ജീകരിക്കൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമാണ്. ഉദ്ഘാനത്തിന്റെ ഭാഗമായി ഈസ്റ്റ് ഗവ.ഗേൾസ് ഹൈസ്‌കൂളിൽ നിന്നാരംഭിച്ച ശുചിത്വ ബോധവത്കരണ റാലി ചാലക്കുടി ഡിവൈ.എസ്.പി കെ.സുമേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ എബി ജോർജ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് ജോമി കാവുങ്കൽ അദ്ധ്യക്ഷനായി. പ്രതിപക്ഷ ലീഡർ സി.എസ്.സുരേഷ് ശുചിത്വ സന്ദേശ പോസ്റ്റർ പ്രകാശനം ചെയ്തു. വി.ജെ. ജോജി,ആലീസ് ഷിബു, ദീപു ദിനേശ്, സിന്ധു ലോജു, ടി.ഡി. എലിസബത്ത്, ഫാ. മനോജ് മേക്കാടത്ത് തുടങ്ങിയവർ സംസാരിച്ചു.

റിംഗ് റോഡ് മാതൃകയാകും