 
ചെറുതുരുത്തി: കലാമണ്ഡലം കലാരംഗത്തെ സമ്പൂർണ സർലകലാശാലയായി മാറുമ്പോൾ, ലോക സാംസ്‌കാരിക ടൂറിസം രംഗത്ത് അനന്ത സാദ്ധ്യതയാണ് തുറക്കുകയെന്ന് മന്ത്രി സജി ചെറിയാൻ. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നടത്തുന്ന ഗുരു ചിന്നമ്മു അമ്മ ലേഡീസ് ഹോസ്റ്റൽ കോംപ്ലക്‌സിന്റെ ശിലാസ്ഥാപനവും വിസിറ്റേഴ്‌സ് ലോഞ്ചിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പലതും കലാമണ്ഡലം ഭരണസമിതി ആരംഭിച്ചു കഴിഞ്ഞു. കലാമണ്ഡലത്തിന്റെ തനത് വരുമാനം വർദ്ധിപ്പിച്ച്, സാമ്പത്തികമായി സ്വയം പര്യാപ്തമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ അദ്ധ്യക്ഷനായി. കലാമണ്ഡലം തയ്യാറാക്കിയ ഹാൻഡ് ബുക്ക് കലാമണ്ഡലം ശിവൻ നമ്പൂതിരിക്ക് നൽകി പ്രകാശനം ചെയ്തു.
രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ, എസ്.സി എസ്.ടി കമ്മിഷൻ അംഗം ടി.കെ. വാസു, വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൾ ഖാദർ, വൈസ് പ്രസിഡന്റ് പി. നിർമ്മലാദേവി, ഭരണസമിതി അംഗങ്ങളായ എ.വി. സതീഷ്, കെ. രവീന്ദ്രനാഥൻ, ഡെപ്യൂട്ടി രജിസ്ട്രാർ ഷാജി സാമുവൽ തുടങ്ങിയവർ പ്രസംഗിച്ചു.