 
ഇരിങ്ങാലക്കുട : കാലന്റെ സമരത്തോടെ റോഡുകളിലെ അപകടക്കുഴികൾക്ക് താത്കാലിക ശാപമോക്ഷം. തകർന്ന് സഞ്ചാരയോഗ്യമല്ലാത്ത നഗരസഭയിലെ റോഡുകളുടെ സ്ഥിതിയിൽ പ്രതിഷേധിച്ച് പൊതുപ്രവർത്തകനായ ഷിയാസ് പാളയംകോട്ട് വേറിട്ടൊരു പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അപകടക്കുഴികൾക്ക് താത്കാലിക ശാപമോക്ഷം. കാലന്റെ വേഷത്തിൽ റോഡിലെ കുഴികളിൽ നിന്നാണ് ഷിയാസ് പ്രതിഷേധിച്ചത്. ഷിയാസ് പ്രതിഷേധം നടത്തിയതിന് തൊട്ടടുത്ത ദിവസം തന്നെ നഗരസഭാ റോഡുകളിലെ അപകടക്കുഴികൾ താത്കാലികമായി അടച്ചു. റോഡിലെ കുഴികൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഷിയാസ് നഗരസഭാ അധികൃതർക്കും വിജിലൻസിനുമടക്കം പരാതികൾ നൽകിയിരുന്നു. യാതൊരു നടപടിയുമില്ലാത്തതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം കാലന്റെ രൂപത്തിൽ വേഷം ധരിച്ച് പ്രതിഷേധിച്ചത്. കാലന്റെ വേഷത്തിൽ ഷിയാസ് ആദ്യം എത്തിയത് നഗരസഭ ഓഫീസിൽ തന്നെയാണ്. പരാതി എഴുതി തയ്യാറാക്കി നഗരസഭ അധികൃതർക്ക് കൈമാറി. തുടർന്ന് റോഡിലെ വൻ കുഴികളിൽ ഇറങ്ങി നിന്ന് പ്രതിഷേധിച്ചു.