വടക്കാഞ്ചേരി: അനുദിനം പെരുകുന്ന ആഫ്രിക്കൻ ഒച്ചിന്റെ ശല്യത്തിൽ പൊറുതിമുട്ടി മുണ്ടത്തിക്കോട് മേഖല. നഗരസഭയിലെ 38 മുതൽ 41വരെയുള്ള ഡിവിഷനുകളിലാണ് ഒച്ചിന്റെ ശല്യം കൂടുതൽ. വീടിനകത്തും പുറത്തും കിണറുകളിലും ഒച്ച് പറ്റിപിടിച്ചിരിക്കുകയാണെന്ന് ജനങ്ങൾ പറയുന്നു. രാത്രിയായാൽ പ്രദേശമാകെ ഒച്ചുകൾ കീഴടക്കും. അറിയാതെ സ്പർശിച്ചാൽ ചൊറിച്ചിലും പുകച്ചിലും ഉണ്ടാകും. ജല സ്രോതസുകളിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ കുടിവെള്ളം പോലും മുടങ്ങുന്ന സ്ഥിതിയാണ്. ഒച്ചുകൾ വലിയ തോതിൽ കാർഷിക നാശവും സൃഷ്ടിക്കുന്നുണ്ട്. വാഴ,കപ്പ,പപ്പായ,നെല്ലി,പുളി തുടങ്ങിയവയുടെ ഇലകളാണ് ഇവ ഭക്ഷിക്കുന്നത്. ഇവയുടെ ദുർഗന്ധം മൂലം ജനം നേരിടുന്ന പ്രയാസവും ഏറെയാണ്.
എങ്ങനെ നിയന്ത്രിക്കാം
പുകയില, തുരിശ് മിശ്രിതം തളിക്കുന്നതാണ് ആഫ്രിക്കൻ ഒച്ചുകളെ തുരത്താനുള്ള പ്രധാന മാർഗം. ഒച്ചുകൾ കാണപ്പെടുമ്പോൾ തന്നെ പുകയിലസത്ത് ലായനി ഉപ്പു ചേർത്ത് തളിക്കണം. ജൈവ അവശിഷ്ടങ്ങൾ കൂട്ടി ഇടരുത്. ഈർപ്പമുള്ള അടിക്കാടുകൾ വെട്ടിക്കളയണം. മഴക്കാലത്തിനു ശേഷം മണ്ണ് ഇളക്കിക്കൊടുക്കണം. ഒച്ചിന്റെ ശരീരത്തിൽനിന്നു വരുന്ന സ്രവം ശരീരത്തിൽ പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. കാഷ്ഠം പറ്റിപ്പിടിക്കാനിടയുള്ളതിനാൽ നന്നായി കഴുകിയും വേവിച്ചും പച്ചക്കറികൾ ഭക്ഷിക്കണം. ജല സ്രോതസുകളിൽ ഇവയുടെ സാന്നിധ്യമുള്ളതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം.