1

ചെറുതുരുത്തി: ഇരട്ടക്കുളം ഭാഗത്ത് ചീരക്കുഴി കനാൽ റോഡ് 30 അടിയോളം താഴ്ചയിലേക്ക് വീണ് മൂന്നു മാസം കഴിഞ്ഞിട്ടും സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധം. ശക്തമായ മഴയിലാണ് കനാലിന്റെ ഒരു ഭാഗവും കനാൽ റോഡിന്റെ പകുതിയോളവും ഇടിഞ്ഞത്. ശേഷിക്കുന്ന റോഡിന്റെ അടിഭാഗത്തെ മണ്ണ് ഒലിച്ചുപോയി പൊള്ളയായ നിലയിലാണ്. ഇവിടെ ഉണ്ടായിരുന്ന ചായക്കടയും താഴേക്ക് ഇടിഞ്ഞുവീണിരുന്നു.

നൂറുകണക്കിന് യാത്രക്കാരും ചെറുവാഹനങ്ങളും സഞ്ചരിച്ചിരുന്ന വഴി ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ. സ്‌കൂൾ വിദ്യാർത്ഥികൾക്കാണ് കൂടുതൽ ദുരിതം. മണ്ണിടിഞ്ഞുവീണതിനാൽ കനാലിന്റെ സ്വാഭാവിക നീരൊഴുക്ക് നിലച്ച് കൃഷിയിടത്തിലേക്ക് വെള്ളം കിട്ടാതെ വന്നതോടെ കർഷകരും ആശങ്കയിലാണ്.

ഇതിനടുത്തുള്ള സംസ്ഥാനപാതയ്ക്ക് അടിയിലൂടെയുള്ള കനാലിന്റെ ഓവ് ആരംഭിക്കുന്ന ഭാഗം പൂർണമായും മണ്ണിൽ അകപ്പെട്ട നിലയിലാണ്. വെള്ളം ഇനിയും ഒഴുകിയെത്തിയാൽ സമ്മർദം മൂലം വൻതോതിൽ മണ്ണിടിയുമെന്ന ഭീതിയുണ്ട്. ഇതോടെ സമീപത്തെ വീടുകൾക്കും ഭീഷണിയാകും.

ആശങ്കയായി കുളവും

ചീരക്കുഴി കനാലിന്റെ ഒരു വശത്തായി വിസ്തൃതിയുള്ള കുളം നിറഞ്ഞു നിൽക്കുന്നതും ആശങ്ക ഇരട്ടിപ്പിക്കുന്നു. മണ്ണിടിഞ്ഞ് റോഡ് തകർന്നാൽ കുളത്തിലെ വെള്ളം കുത്തിയൊലിച്ച് വൻദുരന്തമായി മാറുമെന്നാണ് ആശങ്ക. ഇക്കാര്യം പഞ്ചായത്ത് - ജലസേചന വകുപ്പ് അധികൃതരെയെല്ലാം ബോദ്ധ്യപ്പെടുത്തിയിട്ടും നടപടികളുണ്ടാകില്ലെന്നാണ് നാട്ടുകാരുടെ പരാതി.

കഴിഞ്ഞദിവസം കനാൽ വൃത്തിയാക്കുന്നതിന് ജെ.സി.ബി ഇതുവഴി വന്നപ്പോൾ നാട്ടുകാർ തടയുകയും വീടുകൾക്ക് ഭീഷണിയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ചീരക്കുഴി കനാൽ അടിയന്തരമായി പരിശോധിച്ച് ഇടിഞ്ഞ ഭാഗങ്ങൾ പുനർനിർമിക്കാൻ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.