
തൃശൂർ: പുതുക്കിയ മിനിമം വേതനം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് ജനുവരി ഒന്ന് മുതൽ കേരളത്തിലെ നഴ്‌സുമാരും ആശുപത്രി ജീവനക്കാരും പണിമുടക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ. മൂന്ന് മാസത്തിനുള്ളിൽ ശമ്പളപരിഷ്‌കരണം നടത്തണമെന്ന് കഴിഞ്ഞവർഷം ജനുവരിയിൽ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ 20 മാസമായിട്ടും സർക്കാർ ഇത് നടപ്പാക്കിയില്ല. അതുകൊണ്ടാണ് പണിമുടക്കാൻ ജനറൽ കൗൺസിൽ തീരുമാനിച്ചത്.
മൂന്ന് മാസത്തിനുള്ളിൽ വേതനം പ്രഖ്യാപിച്ചില്ലെങ്കിൽ പണിമുടക്കിനൊപ്പം സെക്രട്ടേറിയറ്റിലേക്ക് ലോംഗ് മാർച്ചും നടത്തും. ഇതിന് മുന്നോടിയായി ജില്ലാ കൺവെൻഷനും യൂണിറ്റ് സമ്മേളനങ്ങളും നടക്കും. യോഗം യു.എൻ.എ ദേശീയ അദ്ധ്യക്ഷൻ ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, സെക്രട്ടറി അജയ് വിശ്വംഭരൻ, ട്രഷറർ ഇ.എസ്. ദിവ്യ, നിതിൻമോൻ സണ്ണി, ജോൺ, മുകേഷ്, അഭിലാഷ്, ലിൻസി, നിത, തോമസ് എന്നിവർ പ്രസംഗിച്ചു.