തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്ക് കേന്ദ്രീകരിച്ച് ഒല്ലൂർ മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലകളെ കോർത്തിണക്കി ടൂറിസ്റ്റ് ഇടനാഴി യാഥാർത്ഥ്യമാക്കുമെന്ന് അവകാശപ്പെടുമ്പോഴും പാർക്ക് നിർമ്മാണം ഇഴയുന്നു. പക്ഷികളും മറ്റും ചത്തതിനെത്തുടർന്ന് തൃശൂർ മൃഗശാലയിൽ നിന്ന് മൃഗങ്ങളെ മാറ്റാനായിട്ടില്ല. നിർമ്മാണം അവസാനഘട്ടത്തിലാണെന്നാണ് അധികൃതരുടെ വിശദീകരണം. പാർക്കിലേക്ക് ജീവികളെ മാറ്റാൻ താത്കാലികമായി നൽകിയ അംഗീകാരത്തിന്റെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് പുതുക്കി നൽകുന്നതിന് അപേക്ഷ സമർപ്പിച്ചിരുന്നു. സെൻട്രൽ സൂ അതോറിറ്റി വീണ്ടും സമയപരിധി അനുവദിച്ചിട്ടുണ്ട്. ഇക്കാലയളവിൽ പരമാവധി മൃഗങ്ങളെ പുത്തൂരിലേക്ക് കൊണ്ടുവരാനാണ് ശ്രമം. ഈ വർഷാവസാനം പാർക്ക് തുറക്കാനായിരുന്നു തീരുമാനം. എന്നാൽ നിർമാണ ജോലികൾ ബാക്കിയാണ്.
അടുത്തഘട്ടം മാൻ വർഗം
മാൻവർഗങ്ങളാണ് തൃശൂർ മൃഗശാലയിൽ കൂടുതലുള്ളത്. ഇവയെ മാറ്റാനാണ് ശ്രമം. മൃഗങ്ങളിൽ മരുന്ന് കുത്തിവച്ച് മയക്കാതെ വാഹനത്തിൽ തന്നെ കൂടൊരുക്കി ആകർഷിച്ച് കൊണ്ടുവരാനാണ് നീക്കം. പാർക്കിലെത്തിച്ച മൃഗങ്ങൾ ചത്തത് വിവാദമായതിനാൽ നടപടിക്രമങ്ങളിലേക്ക് കടക്കാൻ ഉദ്യോഗസ്ഥർക്ക് ആശങ്കയുമുണ്ട്.
മൃഗശാലയിലെ മൊത്തം പക്ഷികൾ, മൃഗങ്ങൾ: 439
മാൻ വർഗം: 191
മ്‌ളാവുകൾ: 80
കോറിഡോറിൽ:
സുവോളജിക്കൽ പാർക്ക്
പുത്തൂർ കായൽ
വല്ലൂർകുത്ത് വെള്ളച്ചാട്ടം
പീച്ചി ഡാം
ഒരപ്പൻ കെട്ട് ഡാം
കെ.എഫ്ആർ.ഐ
കേരള കാർഷിക സർവകലാശാല
കച്ചിത്തോട് ഡാം
നടപടികൾ:
വിപുലമായ പദ്ധതി തയ്യാറാക്കുന്നതിനായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കൃഷി, മൃഗസംരക്ഷണം, ജലസേചനം, തദ്ദേശം, പൊതുമരാമത്ത് വകുപ്പുകളുമായി യോഗം ചേരും. ഡി.പി.ആർ വിപുലീകരിക്കും. ഒക്ടോബർ അവസാനത്തോടെ തിരുവനന്തപുരത്ത് ഉന്നതതല യോഗത്തിൽ അന്തിമ രൂപമാകും. മന്ത്രി കെ. രാജനും ടൂറിസം അഡി. ഡയറക്ടർ വിഷ്ണുരാജിനും കേന്ദ്രങ്ങൾ സന്ദർശിച്ച് യോഗം ചേർന്നിരുന്നു.
പുത്തൂർകായൽ:
വിശദപദ്ധതി രേഖയിൽ വിവിധ വകുപ്പുകളുടെ ഭാഗമായി ലഭ്യമായ തുക ഉപയോഗിച്ചു കൊണ്ടുള്ള നിർമ്മാണം നടക്കുന്നു.
വല്ലൂർ കുത്ത്:
വെള്ളച്ചാട്ടത്തിൽ സാഹസിക ടൂറിസത്തിനും മനോഹാര്യത ആസ്വദിക്കാനുമായുള്ള പദ്ധതി തയ്യാറാക്കും. കളക്ടറുടെ നേതൃത്വത്തിൽ ടൂറിസം, തദ്ദേശ വകുപ്പുകളെ ചേർത്ത് യോഗം ചേർന്ന് പദ്ധതി രേഖ തയ്യാറാക്കും.
ഒരപ്പൻ കെട്ട്:
സാഹസിക ടൂറിസം സാദ്ധ്യത. 'കെൽ' നിർമ്മാണം ഏറ്റെടുത്തു. ടെൻഡർ നടപടികളിലേക്ക് കടക്കുന്നു.
പീച്ചി
രണ്ടാംഘട്ട സൗന്ദര്യവത്കരണം ഭവന നിർമ്മാണ ബോർഡ് നിർവഹിക്കും.
കച്ചിത്തോട്:
നവീകരണം ആരംഭിച്ചു.
പാർക്കിന് മുഴുവൻ സമയ ഡയറക്ടറെ വേണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടണമെങ്കിൽ അത് അനിവാര്യമാണ്.
- എം. പീതാംബരൻ, സെക്രട്ടറി, ഫ്രണ്ട്‌സ് ഓഫ് സൂ