വടക്കാഞ്ചേരി: നഗരസഭയിലെ മങ്കര ഡിവിഷനിൽ കാട്ടുകുളത്ത് ജനവാസ മേഖലയിൽ ആരംഭിച്ച മൊബൈൽ ടവർ നിർമാണത്തിനെതിരെ വൻ പ്രതിഷേധവുമായി നാട്ടുകാർ. സ്വകാര്യ കമ്പനിയുടെ വാഹനങ്ങൾ സ്ഥലത്തെത്തി കുഴിയെടുത്തപ്പോഴാണ് നാട്ടുകാർ അറിഞ്ഞത്. ഇതോടെ ജനം സംഘടിച്ചെത്തി തടഞ്ഞു. പ്രദേശം പരിസ്ഥിതി ലോല മേഖലയാണെന്നാണ് നാട്ടുകാരുടെ പക്ഷം. കഴിഞ്ഞ കാലവർഷകാലത്ത് വൻതോതിൽ കുന്നിടിഞ്ഞ് മണ്ണും, കല്ലുമൊക്കെ ജനവാസ മേഖലയിലേക്ക് ഒഴുകിയെത്തിയ സ്ഥലം കൂടിയാണിത്. പരിസരവാസികളെ തെറ്റിദ്ധരിപ്പിച്ച് ഏതാനും രേഖകൾ സംഘടിപ്പിച്ചതായും ആരോപണമുണ്ട്. പ്രവർത്തനം നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ അധികൃതർക്ക് ജനങ്ങൾ ഭീമ ഹർജി നൽകി.

നഗരസഭയുടെ അനുമതി തേടിയിട്ടില്ല: കൗൺസിലർ

മങ്കരയിലെ ജനവാസ മേഖലയിൽ ടവർ നിർമ്മിക്കുന്നതിന് സ്വകാര്യ മൊബൈൽ കമ്പനി നഗരസഭയുടെ ഒരു അനുമതിയും തേടിയിട്ടില്ലെന്ന് ഡിവിഷൻ കൗൺസിലർ കെ.എ. വിജേഷ് അറിയിച്ചു. നിർമ്മാണം ആരംഭിക്കുകയും ജനകീയ പ്രതിഷേധം ശക്തമാകുകയും ചെയ്തപ്പോഴാണ് താൻ പോലും അറിയുന്നത്. ജനങ്ങൾക്കൊപ്പം നിലകൊള്ളുമെന്നും വിജേഷ് പറഞ്ഞു.