1

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വ്യക്തതയായതോടെ, അന്വേഷണത്തിന്റെ അറ്റം എവിടെ വരെയെത്തുമെന്ന ചോദ്യം ഉയരുന്നു. എ.ഡി.ജി.പി നടത്തിയ അന്വേഷണത്തിൽ പോരായ്മകളുണ്ടെന്ന് മുഖ്യമന്ത്രി തുറന്നു സമ്മതിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും. പൂരം കലക്കൽ, ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലാണ് പ്രത്യേകസംഘം അന്വേഷിക്കുക. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ ഇന്റലിജന്റ്‌സ് എ.ഡി.ജി.പിയെ ചുമതലപ്പെടുത്തും. എ.ഡി.ജി.പി അജിത് കുമാറിന്റെ വീഴ്ച ഡി.ജി.പി നേരിട്ട് അന്വേഷിക്കും. മൂന്ന് അന്വേഷണഫലങ്ങളും പുറത്തുവരുന്നതോടെ വരും നാളുകളിൽ പൂര വിവാദം കൊടുമ്പിരികൊള്ളും. സുനിൽ കുമാർ, കെ.മുരളീധരൻ ഉൾപ്പെടെയുള്ളവർ ഉയർത്തിയ ആരോപണങ്ങളും അന്വേഷണ പരിധിയിൽ വന്നേക്കും.

ക്രൈംബ്രാഞ്ച് അന്വേഷണം എവിടെ വരെ

പൂരം കലക്കലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണം തന്നെയാകും പ്രധാനം. നേരത്തെ എ.ഡി.ജി.പി നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതും കൂടി പരിഗണിച്ചാകും അന്വേഷണം. കോൺഗ്രസും സി.പി.ഐയും ആരോപിക്കുന്ന സുരേഷ് ഗോപിയുടെ രംഗപ്രവേശവും സേവാഭാരതി ആംബുലൻസിൽ വന്നതുമെല്ലാം അന്വേഷണ പരിധിയിൽ വരും. പൊലീസിന്റെ വീഴ്ചയും മുൻ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ നടത്തിയ അനാവശ്യ ഇടപെടലുമെല്ലാം പരിശോധിച്ചേക്കും. പാറമേക്കാവ്, തിരുവമ്പാടി, ഭാരവാഹികൾ എന്നിവരിൽ നിന്നെല്ലാം മൊഴിയെടുത്തേക്കും.


ഉദ്യോഗസ്ഥ വീഴ്ച്ച എവിടെ ? ...

പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച്ച സംഭവിച്ചെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമായിരുന്നു. അതോടൊപ്പം മറ്റേതെല്ലാം വകുപ്പുകൾക്ക് വീഴ്ച്ച സംഭവിച്ചെന്നതും ഇന്റലിജന്റ്‌സ് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ നടത്തുന്ന ഉദ്യോഗസ്ഥ വീഴ്ച്ചയെ കുറിച്ച് അന്വേഷിക്കുന്ന സംഘത്തിന്റെ പരിധിയിൽ വന്നേക്കും. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അനാവശ്യ നിയന്ത്രമുണ്ടായിരുന്നതായി ചൂണ്ടിക്കാട്ടി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. ആനയുടെ അമ്പത് മീറ്റർ അകലെയേ കുത്തുവിളക്ക് പിടിക്കാനാകൂവെന്ന നിർദ്ദേശവും മറ്റും ഏറെ വിവാദമുണ്ടാക്കിയിരുന്നു. വിവിധ സമിതികളുടെ നേതൃത്വത്തിലാണ് ഇത്തവണ ആനകളെ പരിശോധിച്ച് ഫിറ്റ്‌നെസ് നൽകിയത്.


അജിത് കുമാറിന് കുരുക്ക് വീഴുമോ ?

ഇത്രയേറെ പ്രശ്‌നമുണ്ടായിട്ടും പൂരം ദിവസം തൃശൂരിലുണ്ടായിരുന്ന എ.ഡി.ജി.പി സംഭവ സ്ഥലത്തേക്കെത്തിയില്ലെന്ന ആക്ഷേപം സംബന്ധിച്ച അന്വേഷണവും നടന്നേക്കും. ഡി.ജി.പി നടത്തുന്ന അന്വേഷണത്തിൽ പൂരം കലക്കിയത് എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണെന്ന ആരോപണത്തെ സംബന്ധിച്ചും അജിത്ത് കുമാറിൽ നിന്ന് മൊഴിയെടുക്കും. ഭരണപക്ഷത്തെ പ്രധാന ഘടകകക്ഷിയായ സി.പി.ഐയുടെ മുതിർന്ന നേതാവ് വി.എസ്.സുനിൽ കുമാറടക്കമുള്ളവർ ഇക്കാര്യവുമായി രംഗത്തെത്തിയിരുന്നു.