 
കൊടുങ്ങല്ലൂർ : ചന്തപ്പുര നഗരസഭാ ബസ് സ്റ്റാൻഡിനകത്തെ പൊലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം നിലച്ച അവസ്ഥയിൽ. എയ്ഡ് പോസ്റ്റിന്റെ മുറി തുറക്കാറുണ്ടെങ്കിലും വർഷങ്ങളായി പൊലീസിന്റെ സേവനം ഇവിടെ ലഭ്യമല്ലാത്ത സ്ഥിതിയാണ്. പൊലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം നിലച്ച സ്ഥിതിയിലായതോടെ നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്ന ബസ് സ്റ്റാൻഡിൽ നിരവധി പ്രശ്‌നങ്ങളാണ് നിത്യവും അരങ്ങേറുന്നത്. ഒറ്റപ്പെട്ട ദിവസങ്ങളിൽ ഒരു ഹോംഗാർഡ് ഉണ്ടാകാറുണ്ടെങ്കിലും സ്റ്റാൻഡിനകത്തെ പ്രശ്‌നങ്ങളിൽ ഇടപെടാൻ പോലും കഴിയാറുമില്ല.
കാൽനൂറ്റാണ്ടിന് മുമ്പ് നഗരസഭാ ബസ് സ്റ്റാൻഡ് പ്രവർത്തനമാരംഭിക്കുന്നതിന് ഒപ്പമാണ് പൊലീസ് എയ്ഡ് പോസ്റ്റ് നിലവിൽ വന്നത്. ഒരു എ.എസ്.ഐയുടെ ചുമതലയിലായിരുന്നു പ്രവർത്തനം. പകൽ സമയങ്ങളിൽ മുഴുവനും എയ്ഡ് പോസ്റ്റിൽ പൊലീസ് സേവനം ലഭ്യമായിരുന്നു. രാത്രികാലങ്ങളിൽ പൊലീസ് പെട്രോളിംഗുമുണ്ടാകും. എന്നാലിപ്പോൾ മുറിയുടെ ചുമരിൽ എഴുതിയ പൊലീസ് എയ്ഡ് പോസ്റ്റ് എന്ന പെയിന്റ് പോലും മാഞ്ഞുപോയിരിക്കുന്നു. ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കും അക്രമങ്ങൾക്കും അറുതിവരുത്താൻ പൊലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാണ് ഉയരുന്ന ജനകീയാവശ്യം. നഗരസഭയും പൊലീസും അതിന് തയ്യാറാകണമെന്നാണ് ഉയരുന്ന ജനകീയാവശ്യം.
ലഹരിമരുന്ന് സംഘങ്ങളുടെ വിളയാട്ടകേന്ദ്രം
വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് നൽകുന്നവരും മയക്കുമരുന്ന്, കഞ്ചാവ് അടിമകളും ഇവിടം തമ്പടിക്കുകയാണ്. പൂവാല ശല്ല്യം മൂലം സ്ത്രീകളും വിദ്യാർത്ഥിനികളും പൊറുതിമുട്ടുകയാണ്. യാത്രക്കാർക്ക് ഇരിക്കാനുള്ള സീറ്റിൽ മണിക്കൂറോളം ഇത്തരക്കാർ വന്നിരിക്കുന്നതും പ്രശ്‌നം സൃഷ്ടിക്കുന്നു. ബസ് ജീവനക്കാർ തമ്മിലുള്ള തർക്കവും അസഭ്യവർഷവും ഇവിടെ പതിവാണ്. കഴിഞ്ഞ ദിവസം ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളിയുമുണ്ടായി. വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷവും ഇവിടെ പതിവാണ്. വിദ്യാർത്ഥികളെ ബസുകൾക്ക് സമീപം മണിക്കൂറോളം നിറുത്തി കയറ്റുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഇതുമൂലം കൃത്യസമയത്ത് ക്ലാസിൽ എത്തിച്ചേരാൻ കഴിയുന്നില്ലെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ പ്രശ്‌നങ്ങളിൽ ഇടപെടുന്നില്ലെന്നും യാതൊരു നടപടിയും എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
നഗരസഭാ ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് സംബന്ധിച്ചുള്ള പ്രശ്നത്തെപ്പറ്റി അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കും.
- ടി.കെ. ഗീത
(നഗരസഭാ ചെയർപേഴ്സൺ)