 
പുതുക്കാട്: സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ സാക്ഷരതാ ബ്ലോക്കെന്ന നേട്ടം കൊടകരയ്ക്ക്. സംസ്ഥാന സർക്കാരിന്റെ ഡിജി കേരളം പദ്ധതിയിൽ കൊടകര ബ്ലോക്ക് പഞ്ചായത്തിലെ ഏഴു ഗ്രാമപഞ്ചായത്തുകളും 100 ശതമാനം ഡിജിറ്റൽ സാക്ഷരത കൈവരിച്ചതോടെയാണിത്. പ്രഖ്യാപനത്തോടൊപ്പം 100 ശതമാനം സാക്ഷരത കൈവരിച്ച നെന്മണിക്കര, കൊടകര, മറ്റത്തൂർ, അളഗപ്പനഗർ, തൃക്കൂർ, വരന്തരപ്പിള്ളി, പുതുക്കാട് ഗ്രാമപഞ്ചായത്തുകളെ ആദരിച്ചു. യോഗം കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, തദ്ദേശസ്വയം ഭരണ വകുപ്പ് തൃശൂർ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ കെ. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്. ബൈജു, അമ്പിളി സോമൻ, കെ.എം. ബാബുരാജ്, അശ്വതി വിബി, സുന്ദരി മോഹൻദാസ്, കെ. രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ അഡ്വ. അൽജോ പുളിക്കൻ, ടെസി ഫ്രാൻസിസ്, സജിത രാജീവൻ, പോൾസൺ തെക്കുംപീടിക, ബ്ലോക്ക് അംഗങ്ങളായ ഷീല ജോർജ്, മിനി ഡെന്നി പനോക്കാരൻ, ഇ.കെ. സദാശിവൻ, ഹേമലത നന്ദകുമാർ, ടി.കെ. അസൈയിൻ, ടെസി വിൽസൺ, വി.കെ. മുകുന്ദൻ, സതി സുധീർ, കെ.എം. ചന്ദ്രൻ, ജോയിന്റ് ബി.ഡി.ഒ ബെന്നി വടക്കൻ എന്നിവർ സംസാരിച്ചു.
രാജ്യാന്തര വാട്ടർ വീക്ക് ഉച്ചക്കോടിയിൽ ആദരം ഏറ്റുവാങ്ങിയ മറ്റത്തൂർ ഗ്രാമപഞ്ചായത്തിനെ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. ഡിജിറ്റൽ സാക്ഷരത കൈവരിച്ച ഗ്രാമപഞ്ചായത്തുകളിലെ മുതിർന്ന പൗരന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ, ബ്ലോക്ക് തല ഉദ്യോഗസ്ഥർ അംഗൻവാടി അദ്ധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
നേട്ടം ഈ വിധം
കുടുംബശ്രീ, എൻ.സി.സി, എൻ.എസ്.എസ് സന്നദ്ധസേവ പ്രവർത്തകർ, യുവതിയുവാക്കൾ തുടങ്ങിയ വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഏഴു പഞ്ചായത്തുകളിലെ 62,430 കുടുംബങ്ങളിൽ സർവേ നടത്തി 13,293 പഠിതാക്കളെ കണ്ടെത്തി ഡിജിറ്റൽ പരിശീലനം നടത്തിയാണ് കൊടകര ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ നേട്ടം കൈവരിച്ചത്.