പുതുക്കാട്: സംസ്ഥാന സർക്കാരിന്റെ നവകേരളം കർമപദ്ധതി വിദ്യാകിരണം മിഷനിൽ ഉൾപ്പെടുത്തി നിർമ്മിച്ച മുപ്ലിയം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനാകും. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും.
കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി മുഖ്യാതിഥിയാകും. കിഫ്ബിയുടെ 3.90 കോടിരൂപ ചെലവിലാണ് കെട്ടിടം യാഥാർത്ഥ്യമായത്. അന്താരാഷ്ട്ര നിലവാരത്തിൽ പണിത കെട്ടിടത്തിൽ മൂന്ന് നിലകളിലായി 18 മുറികളാണുള്ളത്. വാർത്താ സമ്മേളനത്തിൽ പ്രധാനദ്ധ്യാപിക എം.വി. ഉഷ, പി.ടി.എ പ്രസിഡന്റ് സി.കെ. സന്ദീപ് കുമാർ, പബ്ലിസിറ്റി കൺവീനർ പി.വി. ശ്രീജിത്ത്, ഒ.എസ്.എ ചെയർമാൻ കെ.എൻ. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.