
തൃശൂർ: തൃശൂർ റെയിൽവേ സ്‌റ്റേഷൻ വികസനത്തിന്റെ കാര്യത്തിൽ എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെന്ന് മുൻ എം.പി ടി.എൻ.പ്രതാപൻ. ഞാൻ എം.പി ആയിരിക്കേയാണ് വിമാനത്താവളത്തിന്റെ മാതൃകയിൽ റെയിൽവേ സ്‌റ്റേഷൻ പുനർനിർമ്മിക്കാൻ പദ്ധതി തയ്യാറാക്കുന്നത്. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 26ന് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ഇതേ പദ്ധതിയാണ് സുരേഷ് ഗോപി ആവർത്തിച്ച് പ്രഖ്യാപിക്കുന്നത്.
പ്രധാനമന്ത്രി ഒരിക്കൽ ഉദ്ഘാടനം നിർവഹിച്ച പദ്ധതി വീണ്ടും പ്രധാനമന്ത്രിയുടെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണെന്ന അവകാശവാദം ഇത്രയും മനോഹരമായ പദ്ധതിയുടെ പിതൃത്വം നഷ്ടമാകുമോയെന്ന ആശങ്കയാണ്. ഉദ്ഘാടനം നടത്തിയ പദ്ധതി വീണ്ടും അനുമതിക്കായി പരിഗണിക്കുന്ന പ്രധാനമന്ത്രി തൃശൂർ ജനതയെ കബളിപ്പിക്കുകയാണോയെന്ന് വ്യക്തമാക്കണം. തൃശൂരിൽ നടന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റും പങ്കെടുത്തതാണ്.
വികസനം എന്നത് ജനങ്ങൾക്കായി അവരുടെ പണം ഉപയോഗിച്ച് നടത്തുന്നതാണ്. ക്രെഡിറ്റ് അടിക്കൽ അല്ല പൊതുപ്രവർത്തനമെന്ന് സുരേഷ് ഗോപി തിരിച്ചറിയണം. വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെയും ദേവസ്വം ബിൽഡിംഗിന്റെയും പരിപാലനത്തിനും കൂത്തമ്പലം പുനരുദ്ധാരണത്തിനുമായി എം.പിയായിരിക്കെ സമർപ്പിച്ച പദ്ധതികൾ ഉദ്യോഗസ്ഥ വിദഗ്ദ്ധ തലത്തിൽ അന്തിമ പരിഗണനയിലാണെന്ന് പ്രതാപൻ പറഞ്ഞു. പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ അതിന്റെയും പിതൃത്വം ഏറ്റെടുക്കാൻ ആളുണ്ടാകുമെന്ന് അദ്ദേഹം പരിഹസിച്ചു.