
തൃശൂർ: പൂരം തകർക്കാൻ കാലങ്ങളായി വലിയ ലോബി പ്രവർത്തിക്കുന്നു. ഇതിനു വിദേശ ഫണ്ടിംഗ് ലഭിക്കുന്നുണ്ട്. ഇതെല്ലാം പുറത്തുകൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം വേണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് ആവശ്യപ്പെട്ടു. പൂരം അട്ടിമറിയിൽ സർക്കാരിന്റെ ത്രിതല അന്വേഷണം സ്വാഗതം ചെയ്യുന്നു. പക്ഷേ, ഈ അന്വേഷണംകൊണ്ട് ഗുണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.
വിവാദം പൂർണമായും പൊലീസിന്റെ തലയിൽ കെട്ടിവയ്ക്കുന്നതിനോട് യോജിപ്പില്ല. രാത്രി ചില പ്രശ്‌നങ്ങൾ ഉണ്ടായെങ്കിലും അത് അപ്പോൾത്തന്നെ പരിഹരിച്ചു. പൂരം തകർക്കാൻ ശ്രമിക്കുന്നവരെ സഹായിക്കാനാണ് ചില ആളുകൾ പ്രവർത്തിക്കുന്നതെന്നും രാജേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരുവമ്പാടി ദേവസ്വം
പൂരം കലക്കലിനു പിന്നിൽ ഗൂഢാലോചനണ്ട്. പൊലീസ് ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ പറഞ്ഞു. സാമ്പിൾ വെടിക്കെട്ട് സമയത്തും പൂരദിവസം വൈകിട്ടും പൂരം പ്രദർശനം പൊലീസ് ഇടപെട്ടാണ് നിറുത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവ് കളക്ഷനും 40,000 ആളുകളുടെ കുറവുമാണ് പ്രദർശനത്തിലുണ്ടായത്.
രാവിലെ തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള എഴുന്നള്ളിപ്പ് മുതൽ തടസം നിന്നു. ത്രിതല അന്വേഷണത്തിൽ സത്യം തെളിയുമെന്നാണ് വിശ്വാസമെന്നും ഗിരീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.