rk3

കയ്പമംഗലം: എടത്തിരുത്തിയിൽ പൈപ്പ് പൊട്ടി രണ്ടാംദിവസത്തേക്ക് കടന്നതോടെ തീരദേശത്തെ പത്ത് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം മുടങ്ങി. ബുധനാഴ്ച്ച ഉച്ചതിരിഞ്ഞാണ് എടത്തിരുത്തി ഏറാക്കലിൽ നാട്ടിക ശുദ്ധജല പദ്ധതിയിലെ പ്രധാന പൈപ്പ് പൊട്ടിയത്. ഇതോടെ ഏങ്ങണ്ടിയൂർ മുതൽ ശ്രീനാരായണപുരം വരെയുള്ള പത്ത് പഞ്ചായത്തുകളിലാണ് ശുദ്ധജല വിതരണം തടസ്സപ്പെട്ടത്. ഇല്ലിക്കൽ പമ്പിംഗ് സ്റ്റേഷനിൽ നിന്ന് വെള്ളാനിയിലെ ശുദ്ധീകരണശാലയിലെത്തിച്ചശേഷം ഇവിടെനിന്ന് തീരമേഖലകളിലേക്ക് വിതരണം ചെയ്യുന്ന 700 എം.എം. പ്രിമോ പൈപ്പാണ് പൊട്ടിയത്. പൈപ്പ് മാറ്റിയിട്ട ശേഷമേ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ കഴിയൂ. അധികൃതരെത്തി പൈപ്പ് ശരിയാക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. നാളെ വൈകിട്ടോടെ പൈപ്പ് മാറ്റിയിടുന്ന ജോലി പൂർത്തീകരിച്ച് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു. ഒരു മാസം മുമ്പാണ് ഏറാക്കലിൽ തന്നെ മറ്റൊരു ഭാഗത്ത് പൈപ്പ് പൊട്ടിയത്. പത്ത് ദിവസമെടുത്താണ് അന്ന് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനായത്.

കാരണം കാലാവധി കഴിഞ്ഞ പൈപ്പുകൾ
കാലാവധി കഴിഞ്ഞ 32 വർഷം പിന്നിട്ട പൈപ്പുകളിലൂടെയാണ് ഇപ്പോൾ തീരദേശത്ത് കുടിവെള്ള വിതരണം നടത്തുന്നത്. അതുകൊണ്ട് തന്നെ പൈപ്പ് പൊട്ടൽ ഇടക്കിടെ ഉണ്ടാകുന്നുമുണ്ട്. അഞ്ച് വർഷം മുമ്പ് കിഫ്ബിയിൽ ഉൾപ്പെടുത്തി 70 കോടിയോളം രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചെങ്കിലും കൊവിഡ് മൂലം പ്രവർത്തനങ്ങൾ ആരംഭിച്ചില്ല. പിന്നീട് കരാറുകാരൻ ജോലിയിൽ നിന്ന് പിന്മാറുകയും ചെയ്തു. കഴിഞ്ഞ വർഷം 133 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക തടസം മൂലം ജോലികൾ നീളുകയാണ്.