കുന്നംകുളം: വിവാദങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ കുന്നംകുളം - തൃശൂർ റോഡിലെ വർഷങ്ങൾ പഴക്കമുള്ള ഓടിട്ട ഇരുനില കെട്ടിടം കോടതി നടപടികളുടെ സഹായത്തോടെ നഗരസഭാ അധികൃതർ പൊളിച്ചു മാറ്റി. 1930കളിലാണ് രാജാക്കന്മാരുടെ കാലത്ത് പാട്ടത്തിനെടുത്ത ഭൂമിയിൽ കെട്ടിടം നിർമ്മിച്ചതത്രെ. അപകടാവസ്ഥയിലായ കെട്ടിടമാണ് ദുരന്തനിവാരണ കമ്മറ്റിയുടെ അംഗികാരത്തോടെയാണ് പൊളിച്ചത്. നഗരസഭ പുറമ്പോക്ക് ഭൂമിയിൽ നിർമ്മിച്ച കെട്ടിടം പിന്നീട് സ്വകാര്യ വ്യക്തി അധീനതയിലാക്കുകയായിരുന്നു. വാടകയ്ക്ക് കൊടുത്ത കെട്ടിടത്തിലെ കടമുറികളിൽ നിന്നും സ്വകാര്യ വ്യക്തിയാണ് വാടകത്തുക ഈടാക്കിയിരുന്നത്.
റോഡ് വികസനത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും പിന്നീട് തടസപ്പെട്ടു. ശക്തമായ മഴയിലും കാറ്റിലും കെട്ടിടം വീഴുമെന്ന നഗരസഭാ എൻജിനിയരിംഗ് വിഭാഗത്തിന്റെ നിർദ്ദേശം കണക്കിലെടുത്താണ് വാടകക്കാരെ ഒഴിപ്പിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷം ആഴ്ചകൾക്ക് മുമ്പ് കെട്ടിടം പൊളിക്കാൻ തീരുമാനിച്ചത്. എന്നാൽ കെട്ടിടത്തിനുള്ളിലെ വാടകക്കാരിൽ ഒരാൾ കോടതിയിൽപോയി താത്കാലിക സ്റ്റേ വാങ്ങിയെങ്കിലും തുടർന്ന് സ്റ്റേ ഒഴിവാക്കിയപ്പോൾ വാടകക്കാരന്റെ കൂടി അഭിപ്രായം മാനിച്ചുവേണം കെട്ടിടം പൊളിക്കാനെന്ന് കോടതി നിർദേശിച്ചു.
നഗരസഭാ അധികൃതർ വാടകക്കാരനെ വിളിച്ചു വരുത്തി രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും യാതൊരു ഉടമസ്ഥാവകാശ രേഖകളും ഹാജരാക്കാതിരുന്നതിനാലാണ് കോടതിയുടെ സഹായത്തോടെ കെട്ടിടം പൊളിച്ചുനീക്കാൻ തയ്യാറായത്. രാവിലെ നഗരസഭാ സെക്രട്ടറി കെ.ബി. വിശ്വനാഥൻ, മുനിസിപ്പൽ എൻജിനിയർ ബിനയ് ബോസ് എന്നിവരുടെ നേതൃത്വത്തിലാണ് ഓടിട്ട കെട്ടിടം പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചത്. കെട്ടിടം പൂർണമായും പൊളിച്ചശേഷം സ്ഥലം വളച്ചുകെട്ടി നഗരസഭ ഏറ്റെടുക്കും.
വികസനത്തിന് ഗുണകരം
പൊളിച്ചുനീക്കിയ കെട്ടിടത്തോട് ചേർന്നാണ് പുതിയ ആശുപത്രി കെട്ടിടം നിർമ്മിക്കുന്നത്. പലവിധ ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ് ഈ കെട്ടിടം നിലനിൽക്കുന്ന സ്ഥലം. കെട്ടിടം പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ കൗൺസിലിലടക്കം ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. കെട്ടിടത്തെ സംബന്ധിച്ച ചർച്ചകളിൽ പ്രതിപക്ഷം നഗരസഭാ ചെയർപേഴ്‌സൺ അടക്കമുള്ള ഭരണപക്ഷത്തിനെതിരെ അഴിമതി ആരോപണം വരെ ഉന്നയിച്ചിരുന്നു. എന്നാൽ യാതൊരു തരത്തിലുള്ള ഇടപെടലുകളും ഇല്ലാതെ തന്നെയാണ് ഇന്നലെ കെട്ടിടം പൊളിച്ചുമാറ്റൽ ആരംഭിച്ചത്.