ചാലക്കുടി: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസിനെതിരെ ഭരണകക്ഷി അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകി. വനജ ദിവാകരൻ, ലിജോ ജോൺ, പി.പി. പോളി, ഷാന്റി ജോസഫ്, സി.വി. ആന്റണി എന്നിവരാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ അവിശ്വാസ നോട്ടീസിൽ ഒപ്പുവച്ചത്. പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, പാർലമെന്ററി പാർട്ടി ലീഡർ പി.കെ. ജേക്കബ്ബ് എന്നിവർ നോട്ടീസിൽ നിന്നും മാറിനിന്നു.
കോൺഗ്രസ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിൽ അംഗങ്ങൾ തമ്മിലെ ചേരിപ്പേരാണ് പ്രശ്‌നത്തിന് ആധാരം. അവസാന ഒരു വർഷം വനജ ദിവാകരന് വൈസ് പ്രസിഡന്റ് സ്ഥാനം നൽകണമെന്ന് പ്രാദേശിക അടിസ്ഥാനത്തിൽ ധാരണയുണ്ടെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. എന്നാൽ ഡി.സി.സി പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ തയ്യാറാക്കിയ കരാരിൽ അഞ്ച് വർഷവും വൈസ് പ്രസിഡന്റ് താനാണെന്ന് എഴുതിയിട്ടുണ്ടെന്ന് നേരത്തെ ലീന ഡേവിസ് വ്യക്തമാക്കിയിരുന്നു.
എന്നാൽ ഡി.സി.സി ആവശ്യപ്പെട്ടാൽ സ്ഥാനം ഒഴിയുമെന്നും അവർ പറയന്നുണ്ട്. പക്ഷെ പാർട്ടിയിലെ ഭൂരിപക്ഷം നേതാക്കളും ലീന ഡേവിസിനൊപ്പമാണെന്ന് പറയുന്നു. കൂടാതെ മറ്റ് തദ്ദേശ സഹകരണ സ്ഥാപനങ്ങളിലെ ഭരണ സമിതിയിലും മാറ്റങ്ങൾ ആവശ്യമായി വരുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്തായാലും വരാൻപോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ പാളയത്തിൽ പട കനക്കുമെന്നാണ് സൂചന.