layam

അതിരപ്പിള്ളി: കാലടി പ്ലാന്റേഷൻ എസ്റ്റേറ്റ് ലയത്തിൽ വീണ്ടും കാട്ടാനകളുടെ ആക്രമണം. ഇന്നലെ പുലർച്ചെ മൂന്നരയോടെ പ്ലാന്റേഷൻ തൊഴിലാളി പോളിയുടെ വീടാണ് ആക്രമിച്ചത്. പിൻവാതിൽ തകർത്ത് അകത്തുകടന്ന ആനകൾ വീട്ടുസാധനങ്ങൾ നശിപ്പിച്ചു. സംഭവം നടക്കുമ്പോൾ പോളിയും കുടുംബവും വീട്ടിലില്ലായിരുന്നു. തൊട്ടടുത്ത ലയങ്ങളിലുള്ളവർ ഒച്ച വച്ചപ്പോൾ മുൻ വാതിൽ ചവിട്ടിപ്പൊളിച്ച് പുറത്തുകടന്ന ആനകൾ ആളുകൾക്ക് നേരെ തിരിഞ്ഞു. എന്നാൽ ഉടനെ കാടു കയറി. കഴിഞ്ഞദിവസം സത്യൻ എന്നയാളുടെ ലയത്തിന് പിന്നിലെ താത്കാലിക അടുക്കള ആനക്കൂട്ടം തകർത്തിരുന്നു. കാട്ടാന ശല്യം മൂലം പ്ലാന്റേഷൻ മേഖലയിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറഞ്ഞു.