വടക്കാഞ്ചേരി : നെൽക്കൃഷിക്കായി നാടൊരുങ്ങുമ്പോൾ വീട്ടുമുറ്റങ്ങളിലെ പായ ഞാറ്റടിയുമായി വടക്കാഞ്ചേരി ഗ്രീൻ ആർമി. റെഡിമെയ്ഡ് ഞാറ്റടി ഒരുക്കിയാണ് വടക്കാഞ്ചേരിയുടെ സ്വന്തം ഹരിതസേന (ഗ്രീൻ ആർമി) വളണ്ടിയർമാർ ശ്രദ്ധ നേടുന്നത്. പുനരുപയോഗിക്കാവുന്ന പ്രത്യേകം തയ്യാറാക്കിയ ട്രേകളിൽ വിളയിക്കുന്ന നെൽച്ചെടികൾ വീട്ടുമുറ്റത്തോ, ടെറസിലോ എവിടെ വേണമെങ്കിലും ഒരുക്കാം. തിരുത്തിപ്പറമ്പിലെ ഗ്രീൻ ആർമി ആസ്ഥാനത്തും, തൊട്ടടുത്തെ വീട്ടുമുറ്റങ്ങളിലും എല്ലാം മുണ്ടകൻ കൃഷിക്കായുള്ള ആയിരക്കണക്കിന് ഞാറ്റടി ട്രേകൾ നിറഞ്ഞുകഴിഞ്ഞു. ആയിരം ഏക്കർ സ്ഥലത്താണ് ട്രേ ഞാറ്റടി ഒരുക്കുന്നത്. വീട്ടുമുറ്റങ്ങളിലും മറ്റുമാണ് ഞാറ്റടികൾ തയ്യാറാക്കുന്നത് എന്നതിനാൽ വന്യജീവി ശല്യത്തെ മറികടക്കാനുമാകും.

ദീർഘനേരം ജലസാന്നിദ്ധ്യം നിലനിൽക്കുന്ന പ്ലാസ്റ്റിക് ട്രേകളിലാണ് കൃഷി. വടക്കാഞ്ചേരി മേഖലയിലെ ഭൂരിഭാഗം പാടശേഖരങ്ങൾക്കുള്ള ഞാറ്റടികൾ നൽകുന്നതും ഗ്രീൻ ആർമിയാണ്. പ്രത്യേകം പരിശീലനം ലഭിച്ച വളണ്ടിയർമാർ യന്ത്രസഹായത്തോടെ നടീലും നിർവഹിക്കും. കാർഷിക സർവകലാശാലയുടെ അഗ്രികൾച്ചറൽ റിസർച്ച് വിഭാഗത്തിന്റെ സഹായത്തോടെയാണ് ഞാറ്റടി തയ്യാറാക്കൽ. പാടശേഖരങ്ങളിൽ നെൽച്ചെടികൾ ഉത്പാദിപ്പിക്കുന്നതിനേക്കാൾ ഏറെ ഗുണപ്രദമാണ് ട്രേ ഞാറ്റടി തയ്യാറാക്കൽ. ചകിരിച്ചോറും വെർമിനും ചേർത്താണ് കൃത്രിമ പാടശേഖരമൊരുക്കൽ. ഇതിലാണ് വിത്ത് വിതറി നെൽച്ചെടി ഉത്പാദിപ്പിക്കുന്നത്.

വന്യജീവി-പ്രളയ പേടി വേണ്ട !

വന്യജീവി ശല്യത്തെ മറികടക്കാം

ദീർഘനേരം ജലസാന്നിദ്ധ്യം നിലനിൽക്കും

പ്രളയത്തെയോ വെള്ളം കയറുന്ന അവസ്ഥയെയോ ഭയക്കേണ്ട.
ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് എളുപ്പത്തിൽ മാറ്റാം.

ഒറ്റത്തവണ നൂറ് ഏക്കറിലധികം സ്ഥലത്ത് വിളയിക്കാനുള്ള ഞാറ്റടി ട്രേകൾ ഒരുക്കുന്ന സംസ്ഥാനത്തെ ഏക നഴ്‌സറി ആർമിയുടേതാണ്

ഗ്രീൻ ആർമി

ഗ്രീൻ ആർമി തയ്യാറാക്കിയ ട്രേ ഞാറ്റടി.