1

കൊടുങ്ങല്ലൂർ: ഒരുകാലത്ത് ഉത്സവപ്പറമ്പുകളെ കോരിത്തരിപ്പിച്ച കലാനിലയത്തിന്റെ 'രക്തരക്ഷസ്' വീണ്ടും അരങ്ങിലേക്ക്. തിരുവഞ്ചിക്കുളം ശിവപാർവതി ക്ഷേത്ര മൈതാനിയിൽ ഒക്ടോബർ 13നാണ് ഉദ്ഘാടന പ്രദർശനം. സിനിമയെ വെല്ലുന്ന സാങ്കേതിക വിദ്യകളുമായാണ് നാടകത്തിന്റെ പുത്തൻ വരവ്. സോഹൻ റോയിയുടെ ഉടമസ്ഥതയിലുള്ള ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് കലാനിലയത്തെ ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ പ്രദർശനം കൂടിയാണിത്.

സമകാലിക പ്രേക്ഷക മനസുകളെ പൂർണമായും തൃപ്തിപ്പെടുത്തുന്ന അവതരണ ശൈലിയിലാണ് 'രക്തരക്ഷസ് ചാപ്റ്റർ വൺ' എന്ന പേരിൽ പഴയ നാടകം പുനർജനിക്കുന്നത്. തിരുവഞ്ചിക്കുളത്ത് മാസങ്ങളായി തുടർന്നുവരുന്ന വേദിയുടെ അണിയറ ഒരുക്കങ്ങളുടെ അവസാനഘട്ട പണികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. പ്രശസ്ത പാൻ ഇന്ത്യൻ ചലച്ചിത്രതാരം വിയാൻ മംഗലശ്ശേരിയടക്കം നിരവധി തെന്നിന്ത്യൻ താരങ്ങളും ഈ നാടകത്തിൽ അഭിനയിക്കുന്നുണ്ട്.

കേരളത്തിലെ പ്രധാന നാടകവേദിയായ കലാനിലയം സ്ഥിരം നാടകവേദിയെ മാസങ്ങൾക്ക് മുൻപാണ് ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തത്. ഏരീസ് ഗ്രൂപ്പിന്റെ കൊച്ചി ബ്രാഞ്ച് ഓഫീസിൽ വച്ച് കലാനിലയം കൃഷ്ണൻ നായരുടെ മകൻ അനന്തപത്മനാഭനും ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപകനുമായ സോഹൻ റോയിയും ചേർന്നാണ് കരാർ യാഥാർത്ഥ്യമാക്കിയത്. കലാനിലയത്തിന്റെ പുതിയ പേര് 'ഏരീസ് കലാനിലയം ആർട്‌സ് ആൻഡ് തിയറ്റർ പ്രൈവറ്റ് ലിമിറ്റഡ്' എന്നാക്കി.

പുത്തൻ സാങ്കേതിക വിദ്യയും

പുത്തൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി രക്തരക്ഷസിനെ ആഗോളതലത്തിൽ പ്രദർശിക്കുകയെന്നതും ഏരീസ് കലാനിലയത്തിന്റെ ലക്ഷ്യമാണ്. വർഷങ്ങൾക്കു മുൻപേ ആധുനിക ദൃശ്യ ശ്രവ്യ സംവിധാനം ഉപയോഗിച്ച അവതരണം കൊണ്ട് മലയാളക്കര സുപരിചിതമായിരുന്നു കലാനിലയം. അവതരണത്തിലെ വ്യത്യസ്തത തന്നെയായിരുന്നു അരങ്ങിൽ കലാനിലയത്തിന്റെ മുതൽക്കൂട്ട്. കലാനിലയത്തോടൊപ്പം ഏരീസ് ഗ്രൂപ്പ് കൂടി ചേരുന്നതോടെ നാടകമേഖലയ്ക്കും കരുത്താകും.

കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ, ഗുരുവായൂരപ്പൻ, അലാവുദ്ദീനും അത്ഭുതവിളക്കും, നാരദൻ കേരളത്തിൽ, യേശുക്രിസ്തു തുടങ്ങിയ നാടകങ്ങളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ വിസ്മയം സൃഷ്ടിച്ച കലാനിലയം ഏരീസ് ഗ്രൂപ്പിന്റെ ഭാഗമാകുന്നതിൽ ഏറെ അഭിമാനമുണ്ട്.

- സോഹൻ റോയ്