കയ്പമംഗലം: തീരദേശത്തെ വഴിയമ്പലം ചാപ്പക്കടവ് റോഡിൽ 14-ാം വാർഡ് പള്ളിത്താനം മിൽമ ബൂത്തിനടുത്ത വളവ് മാലിന്യ നിക്ഷേപക കേന്ദ്രമായി. ഇവിടെ ഭക്ഷണ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. ഇത് കഴിക്കാനായി തെരുവ് നായകൾ എത്തുന്നത് വഴിയാത്രക്കാർക്ക് ദുരിതം സൃഷ്ടിക്കുന്നുണ്ട്. പ്രഭാത സവാരി നടത്തുന്ന ആളുകൾക്കാണ് നായകളുടെ ശല്ല്യം ഏറേയും അനുഭവിക്കേണ്ടി വരുന്നത്. രാത്രിയിൽ കൊണ്ടിടുന്ന മാലിന്യത്തിന് കടിപിടി കൂടുന്ന നായ്ക്കൾ ആളുകളെ ആക്രമിക്കാൻ ശ്രമിക്കുകയാണ്. സി.സി.ടി.വി ക്യാമറ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടണമെന്നാണ് ഉയരുന്ന ജനകീയാവശ്യം. പഞ്ചായത്തിന് ഫണ്ടില്ലെന്നും നാട്ടുകാരുടെ സഹകരണത്തോടെ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനും വാർഡ് മെമ്പറുമായി സംസാരിച്ച് മാലിന്യ നിക്ഷേപത്തിന് അറുതി വരുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ ഷംലത്ത് പറഞ്ഞു.