1

പുതുക്കാട്: ജില്ലയിലെ ഓട്ടുകമ്പനി തൊഴിലാളികൾക്ക് പതിനഞ്ചര ശതമാനം ബോണസ് നൽകാൻ ജില്ലാ ലേബർ ഓഫീസർ കെ.എസ്. സുജിത് ലാലിന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനം. ഓണത്തിന് മുൻപ് നടന്ന ചർച്ചകളിൽ തീരുമാനമാകാത്തതിനെത്തുടർന്ന് കഴിഞ്ഞ 25ന് സൂചനാ പണിമുടക്കും പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ജില്ലാ ലേബർ ഓഫീസറും തൊഴിലാളി പ്രതിനിധികളായ എ.വി. ചന്ദ്രൻ, പി.കെ. പുഷ്പാകരൻ, ആന്റണി കുറ്റൂക്കാരൻ, സി.എൽ. ആന്റോ, പി.ജി. മോഹനൻ, കെ.വി. പ്രസാദ്, പി. ഗോപിനാഥൻ എന്നിവരും ഉടമകളായ ജോസ് ജെ. മഞ്ഞളി, എം.കെ. സന്തോഷ്, സി.പി. ചന്ദ്രൻ, വി.കെ. രവികുമാർ, കെ.എസ്. ബാബു, കെ.ആർ. രാമദാസ് എന്നിവരും കരാറിൽ ഒപ്പുവച്ചു. ഒക്ടോബർ പത്തിനകം ബോണസ് സംഖ്യ വിതരണം ചെയ്യും.