atm

തൃശൂർ: തൃശൂരിലെ മൂന്ന് എ.ടി.എമ്മുകൾ തകർത്ത് 69.43ലക്ഷം കവർന്ന് രക്ഷപ്പെടുന്നതിനിടെ തമിഴ്‌നാട് നാമക്കലിൽ പിടിയിലായ സംഘത്തെ അഞ്ചു ദിവസം തൃശൂർ ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു. ഹരിയാന പൽവാൽ ദ്വാരക നഗർപുരിയിൽ ഇർഫാൻ (32), പൽവാൽ കുടവാലിയിൽ ഷാബിർ ഖാൻ (26), പൽവാൽ മല്ലൈയിൽ ഷൗക്കീൻഖാൻ (23), ലക്‌നാകറിൽ മുബാറക്ക് ( 18) നൂഹ് ബിസ്‌രുവിൽ മുഹമ്മദ് ഇക്രാം (42) എന്നിവരെയാണ് തൃശൂർ സി.ജെ.എം കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇവരുമായി ഷൊർണൂർ റോഡിൽ കവർച്ച നടത്തിയ എ.ടി.എം സെന്ററിലും മറ്റിടങ്ങളിലും ഇന്ന് രാവിലെ തെളിവെടുപ്പ് നടത്തും.

ഇന്നലെ രാവിലെയാണ് സേലം സെൻട്രൽ ജയിലിൽ നിന്ന് പ്രതികളെ കേരള പൊലീസിന് വിട്ടുകിട്ടിയത്.കർശനസുരക്ഷയിൽ ഉച്ചയ്ക്ക് രണ്ടരയോടെ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി.

സെപ്തംബർ 27നാണ് ഇരിങ്ങാലക്കുട മാപ്രാണം, തൃശൂർ ഷൊർണൂർ റോഡ്, കോലഴി എന്നിവിടങ്ങളിലെ എസ്.ബി.ഐ എ.ടി.എമ്മുകളിൽ നിന്ന് പണം കവർന്നത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തമിഴ്‌നാട് പൊലീസിന്റെ വെടിയേറ്റതിനെ തുടർന്ന് മുട്ടിന് താഴെ മുറിച്ചുമാറ്റിയ ഹരിയാന ബിസ്‌രുവിൽ അസർ അലി (30) സേലം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.