പാവറട്ടി : മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ അയ്യങ്കാളി സ്മാരക പട്ടികജാതി വനിത വ്യവസായ വിപണന കേന്ദ്രത്തിലെ കട മുറികളുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി.രാജേഷിന്റെ തദ്ദേശ അദാലത്തിലെ തീരുമാനത്തെ തള്ളി ഭരണ സമിതിയോഗം. തീരുമാനത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങളും എൽ.ഡി.എഫിലെ ഒരു സി.പി.ഐ അംഗവും വിയോജനക്കുറിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോയി.

ജില്ലാ തദ്ദേശ അദാലത്തിൽ അപേക്ഷയുടെ അടിസ്ഥാനത്തിൽ ബ്ലോക്ക് ഭരണ സമിതിയോട് രണ്ട് വനിതകൾക്ക് നൽകിയിരുന്ന കടമുറികൾ അവർക്ക് തന്നെ തിരികെ നൽകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഭരണസമിതി യോഗത്തിലെ ഭൂരിപക്ഷത്തിന്റെ മറവിൽ ഈ തീരുമാനം തള്ളി കടമുറികൾ ഒഴിപ്പിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സ്വാഭാവിക നീതി നടപ്പാക്കാതെ മനുഷ്യത്വരഹിതമായി വീണ്ടും തീരുമാനമെടുക്കുന്നത് പട്ടികജാതി വിഭാഗത്തെ ഒന്നടങ്കം അവഹേളിക്കുന്നതിന് തുല്യമാണെന്നും പ്രസ്തുത തീരുമാനം പിൻവലിക്കണമെന്നും യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.

പാവപ്പെട്ടവരോടൊപ്പം നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന എൽ.ഡി.എഫിന്റെ പൊയ് മുഖം അഴിഞ്ഞുവീഴുന്ന തീരുമാനമാണ് ഇതെന്നും യു.ഡി.എഫ് അംഗങ്ങളായ ഒ.ജെ.ഷാജൻ മാസ്റ്റർ, ഗ്രേസി ജേക്കബ്, മിനിലിയോ എന്നിവർ ചൂണ്ടിക്കാട്ടി. ഇടതുമുന്നണി സഖ്യകക്ഷിയായ സി.പി.ഐ അംഗം നിഷ സുരേഷും ശക്തമായ പ്രതിഷേധത്തോടെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തി.