cpi-cpi
1

കൊടുങ്ങല്ലൂർ : ശൃംഗപുരം ഗവ. എൽ.പി.എസ്.എച്ച്.എസിൽ നഗരസഭ പുതുതായി നിർമ്മിച്ച മതിലിന്റെയും കവാടത്തിന്റെയും ഉദ്ഘാടനച്ചടങ്ങിനെച്ചൊല്ലി കൊടുങ്ങല്ലൂരിൽ സി.പി.എം- സി.പി.ഐ പോര് കടുക്കുന്നു. ഉദ്ഘാടനച്ചടങ്ങ് നടത്തുന്നതിൽ സി.പി.എം വല്ല്യേട്ടൻ മനോഭാവം സ്വീകരിച്ചെന്നും തലേന്ന് മാത്രമാണ് ചടങ്ങിന്റെ വിവരം വൈസ് ചെയർമാനും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണും അറിഞ്ഞതെന്നുമാണ് സി.പി.ഐയുടെ കുറ്റപ്പെടുത്തൽ. ഉദ്ഘാടനച്ചടങ്ങിന്റെ വിവരം തലേന്ന് സ്‌കൂൾ എച്ച്.എം വിളിച്ചറിയിക്കുമ്പോഴാണ് വൈസ് ചെയർമാൻ വി.എസ്. ദിനലും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല പണിക്കശ്ശേരിയും അറിഞ്ഞത്. അപ്പോൾ തന്നെ വി.എസ്. ദിനൽ ചെയർപേഴ്‌സൺ ടി.കെ. ഗീതയെ ഫോണിൽ വിളിച്ച് ചടങ്ങ് മാറ്റിവയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. വെള്ളിയാഴ്ച രാവിലെ വി.എസ്. ദിനലും വാർഡ് കൗൺസിലർ രതീഷും അക്കാര്യം ചെയർപേഴ്‌സണെ വീട്ടിൽ നേരിട്ടെത്തി രേഖാമൂലം അഭ്യർത്ഥിച്ചു. എന്നാൽ സി.പി.ഐ ആവശ്യം തള്ളിക്കൊണ്ട് ചെയർപേഴ്‌സൺ ടി.കെ. ഗീതയും സി.പി.എം കൗൺസിലർമാരും ചേർന്ന് ഉദ്ഘാടനച്ചടങ്ങ് നടത്തി. പരിപാടിയിൽ അദ്ധ്യക്ഷനാകേണ്ടിയിരുന്ന വൈസ് ചെയർമാൻ വി.എസ്. ദിനൽ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല പണിക്കശ്ശേരി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസി പോൾ എന്നിവർ അതോടെ ചടങ്ങ് ബഹിഷ്‌കരിച്ചു. ബി.ജെ.പി അംഗങ്ങളായ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.എൻ. ജയദേവൻ, പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, കോൺഗ്രസ് അംഗം വി.എം. ജോണി എന്നിവർ ചടങ്ങ് അറിഞ്ഞില്ലെന്ന് പറയുന്നു.

നഗരസഭാ ചെലവിൽ നിർമ്മിച്ച സ്‌കൂൾ കവാടത്തിന്റെയും മതിലിന്റെയും ഉദ്ഘാടനച്ചടങ്ങ് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണെപ്പോലും അറിയിക്കാതെ നടത്തിയത് സി.പി.ഐ അംഗങ്ങളോട് തുടർന്നുവരുന്ന അവഗണനയുടെ ഭാഗമാണ്. അടുത്ത കൗൺസിൽ യോഗത്തിൽ വിഷയം ഉന്നയിക്കും.
- വി.എസ്. ദിനൽ
(നഗരസഭാ വൈസ് ചെയർമാൻ)

നഗരസഭാ ഫണ്ടുപയോഗിച്ച് തന്നെയാണ് സ്കൂളിൽ മതിലും കവാടവും നിർമ്മിച്ചത്. സ്കൂൾ അധികൃതരാണ് ഉദ്ഘാടനച്ചടങ്ങ് തീയതി നിശ്ചയിച്ചത്. അവർ പറഞ്ഞതനുസരിച്ച് ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. ഒരു കക്ഷിയോടും അവഗണന കാട്ടിയിട്ടില്ല.

- ടി.കെ. ഗീത

(നഗരസഭാ ചെയർപേഴ്സൺ)