അന്തിക്കാട്: വർഷങ്ങളായി പ്രദേശവാസികൾ കുളിക്കാൻ ആശ്രയിക്കുന്ന അന്തിക്കാട് കാർത്ത്യായനി ദേവീ ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊന്തി. വലിയ മീനുകളാണ് വ്യാപകമായി ചത്തുപൊന്തിയത്. ഒരോ ദിവസവും രണ്ടും മൂന്നും മീനുകളാണ് ചത്തു പൊന്തിക്കൊണ്ടിരിക്കുന്നത്. ഇതുമൂലം പ്രദേശത്ത് അസഹ്യമായ ദുർഗന്ധമാണ്. നാട്ടുകാർ കുളത്തിന്റെ പകുതിയോളം നീന്തിപ്പോയി ചാക്കിലാക്കി കൊണ്ടുവന്നാണ് സംസ്കരിക്കുന്നത്. മീനുകൾ ചത്തുപൊന്തിയ സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മീൻ ചത്തുപൊന്തുന്നത് എന്ത് കാരണത്താലാണെന്ന് വ്യക്തമല്ലെന്നും അതേപ്പറ്റി അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം. കുളത്തിൽ അനധികൃത മീൻപിടിത്തം നിരോധിച്ചിട്ടുണ്ടെങ്കിലും രാത്രികാലങ്ങളിൽ ആളുകൾ ഇല്ലാത്ത സമയങ്ങളിൽ ഇവിടെ വ്യാപകമായി മീൻപിടിത്തം നടക്കുന്നുണ്ട്. ഇതോടൊപ്പം വസ്ത്രം അലക്കുന്നത് വ്യാപകമായതും മീനുകൾ ചത്തുപൊന്താൻ കാരണമാക്കിയെന്നാണ് നിഗമനം. നാലര ഏക്കറോളമുള്ള കുളം വിവിധ സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് ഒന്നേകാൽ കോടിയോളം ചെലവഴിച്ചാണ് നവീകരിച്ചത്. പായൽ ശല്യം കുറയ്ക്കാനായി ക്ഷേത്ര സംരക്ഷണ സമിതി പതിനായിരത്തോളം ഗ്രീൻ കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചിരുന്നു.
കാരണം മീൻപിടിത്തമോ ?
അനധികൃതമായി മീൻ പിടിക്കുന്നതിനെതിരേ ക്ഷേത്ര സംരക്ഷണ സമിതി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം കാറ്റിൽപ്പറത്തി മീൻപിടിത്തം വ്യാപകമാണ്. ഇതിനെതിരെ അന്തിക്കാട് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടികൾ ഉണ്ടായിരുന്നില്ല. മാലിന്യമുള്ള വസ്തുക്കളും മറ്റും കുളത്തിലിട്ട് വലിയ തോതിൽ അലക്കുന്നതായും പരാതിയുണ്ട്.