ചാലക്കുടി: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയ ഭരണപക്ഷ അംഗങ്ങളുടെ നടപടി വിവാദത്തിലേക്ക്. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി, ഡി.സി.സി എന്നീ മേൽഘടകങ്ങളുടെ അനുവാദമില്ലാതെ സ്വന്തം പാർട്ടി നേതാവിനെതിരെ അവിശ്വാസത്തിന് മുതിർന്നതാണ് പൊല്ലാപ്പായത്.
ഇതേക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് ഡി.ഡി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ എം.പി കേരള കൗമുദിയോട് പറഞ്ഞു. അതീവ ഗൗരവമേറിയ പ്രസ്തുത വിഷയത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ അവിശ്വാസ നോട്ടീസിനെപ്പറ്റി കോൺഗ്രസ് ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ് വി.ഒ.പൈലപ്പനും അറിഞ്ഞിട്ടില്ല.
ഇതു സംബന്ധിച്ച് നടന്ന ചർച്ചകളെക്കുറിച്ച് അറിഞ്ഞിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ മേൽഘടകങ്ങളോട് ആലോചിച്ചേ ഉചിതമായ തീരുമാനമെടുക്കൂവെന്നും പൈലപ്പൻ പറഞ്ഞു. കെ.പി.സി.സി അംഗം ഷോൺ പെല്ലിശേരിയും അവിശ്വാസ നോട്ടീസിന്റെ കാര്യം അറിഞ്ഞിട്ടില്ല. ഉചിതമായ നടപടിയായില്ലെന്നും അദ്ദേഹം പറഞ്ഞു. അവസാനത്തെ ഒന്നര വർഷം വനജാ ദിവാകരന് ബ്ലോക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നൽകാമെന്ന് ഡി.സി.സി ഭാരവാഹികൾ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നാണ് ലീനാ ഡേവിസിനെതിരെയുള്ള നീക്കങ്ങളുടെ അണിയറ ശിൽപ്പിയും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായ പി.കെ.ജേക്കബ് പറയുന്നത്. പ്രസിഡന്റ് വേണു കണ്ഠരുമഠത്തിലിനും ഇതേ നിലപാടിലാണ്.
ഇരുവരും അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പിടാത്തത് ശ്രദ്ധേയമായി. എന്നാൽ അഞ്ച് വർഷത്തെ വൈസ് പ്രസിഡന്റ് സ്ഥാനം തനിക്ക് അനുവദിച്ചത് ജില്ലാ നേതൃത്വമാണെന്നും അവരുടെ നിർദ്ദേശം അനുസരിച്ചല്ലാതെ തീരുമാനമെടുക്കില്ലെന്നും ലീനാ ഡേവിസ് വ്യക്തമാക്കി. ജില്ലാ നേതൃത്വത്തെ മുഖവിലയ്‌ക്കെടുക്കാതെ തന്നിഷ്ടം കാണിച്ച ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്കെതിരെ നടപടി വേണമെന്നാണ് ബ്ലോക്ക് കമ്മിറ്റി നേതാക്കൾ പറയുന്നത്. ഇതോടെ പ്രശ്‌നം കൂടുതൽ രൂക്ഷമാകുമെന്ന് ഉറപ്പായി.