1

തൃശൂർ: മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിനും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും കൂട്ടുനിൽക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. മുഖ്യമന്ത്രി ഗുരുതര ആരോപണങ്ങളിൽ പെടുമ്പോൾ അനാവശ്യ വിഷയങ്ങൾ വിവാദമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രക്ഷകനാകുന്നുണ്ട്. തൃശൂരിൽ ബി.ജെ.പി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു.

സംസ്ഥാന സർക്കാരിന്റെ ദുർഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ടായിരുന്നു ബി.ജെ.പിയുടെ കളക്ടറേറ്റ് മാർച്ച്. അൻവറിന്റെ വെളിപ്പെടുത്തലിലെ ശരിയായ രാഷ്ട്രീയമല്ല ചർച്ചയാകുന്നത്. മറിച്ച് എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കണ്ടു എന്നതാണെന്നും രമേശ് പറഞ്ഞു. പൂരം കലക്കിയതിൽ ജുഡീഷണൽ അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസ് മുഖം തിരിഞ്ഞു നിൽക്കുകയായിരുന്നു. പി.ആർ ഏജൻസിയെ ആശ്രയിക്കുന്ന പിണറായി വിജയൻ ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയാണെന്നും രമേശ് പറഞ്ഞു.

ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ജില്ലാ നേതാക്കളായ ടി.ആർ. ഹരി, രവികുമാർ ഉപ്പത്ത്, ജസ്റ്റിൻ ജേക്കബ്, സുരേന്ദ്രൻ ഐനിക്കുന്നത്ത്, രഘുനാഥ് സി. മേനോൻതുടങ്ങിയവരും സമരത്തിന് നേതൃത്വം നൽകി.