 
തൃശൂർ: ജില്ലയിലെ ഏഴ് പോളിടെക്‌നിക്കുകലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് ആധിപത്യം. ഏഴ് പോളിടെക്‌നിക്കുകളിൽ ആറിടത്തും മുഴുവൻ സീറ്റും എസ്.എഫ്.ഐയ്ക്ക് സ്വന്തം. തൃശൂർ ചെമ്പൂക്കാവ് മഹാരാജ പോളി ടെക്‌നിക്കിൽ കെ.എസ്.യു വിജയം നേടി. മുഴുവൻ സീറ്റിലും കെ.എസ്.യു വിജയിച്ചു.
ചേലക്കര ഗവ. പോളി, കൊരട്ടി ഗവ. പോളി, അളഗപ്പനഗർ ത്യാഗരാജ പോളി, കുന്നംകുളം ഗവ. പോളി എന്നിവിടങ്ങളിലാണ് എസ്.എഫ്.ഐ വിജയിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ നെടുപുഴ ഗവ. വനിതാ പോളി, തൃപ്രയാർ ശ്രീരാമ പോളി എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ എതിരില്ലാതെ ജയിച്ചിരുന്നു. ചേലക്കരയിൽ കഴിഞ്ഞ വർഷം കെ.എസ്.യുവായിരുന്നു വിജയിച്ചത്. ഇത്തവണ എസ്.എഫ്.ഐ പിടിച്ചെടുത്തു.
ത്യാഗരാജാറിലും എസ്.എഫ്.ഐ
ആമ്പല്ലൂർ: ത്യാഗരാജാർ പോളി ടെക്‌നിക് കോളേജ് കൗൺസിൽ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് മുഴുവൻ സീറ്റുകളിലും ജയം. ലേഡി വൈസ് ചെയർമാനായി കെ.പി. പൂജ എതിരില്ലാതെ വിജയിച്ചിരുന്നു. ക്ലാസ് പ്രതിനിധികളുടെ ആറ് സീറ്റിലേക്കും എസ്.എഫ്.ഐക്ക് എതിരുണ്ടായില്ല. ചെയർമാൻ സ്ഥലത്തേക്ക് മുസാമ്മിൽ ജലാൽ, വൈസ് ചെയർമാനായി കെ.എസ്. പ്രജാപതി, ജനറൽ സെക്രട്ടറി എം.എം. കാർത്തികേശൻ, പി.യു.സി കെ.എ. അലൻ, ആർട്‌സ് ക്ലബ് സെക്രട്ടറി കെ.എസ്. നീരജ് കൃഷ്ണൻ, മാഗസിൻ എഡിറ്റർ സായൂജ് കെ.സന്തോഷ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.