rk

എടത്തിരുത്തി ഏറാക്കലിലെ പൈപ്പ് പൊട്ടലിനെക്കുറിച്ച് ഒക്ടോബർ നാലിന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത.

കയ്പമംഗലം: നാട്ടിക ശുദ്ധജല വിതരണ പദ്ധതി ശൃംഖലയിലെ പൊട്ടിയ പെപ്പ് ശരിയാക്കി മണിക്കൂറുകൾക്കുള്ളിൽ അതേ സ്ഥലത്ത് തന്നെ പൊട്ടിയതോടെ പത്ത് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം താറുമാറായി. നാട്ടിക ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് ലൈൻ എടത്തിരുത്തി എറാക്കലിലാണ് നാല് ദിവസം മുമ്പ് പൊട്ടിയത്. വെള്ളിയാഴ്ച രാത്രി പൊട്ടിയ ഭാഗം ശരിയാക്കി തീരദേശ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ ശനിയാഴ്ച ഉച്ചയോടെ അതേ സ്ഥലത്ത് തന്നെ വീണ്ടും പൈപ്പ് പൊട്ടുകയായിരുന്നു. വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുകിയതോടെ ഇപ്പോൾ പമ്പിംഗ് നിറുത്തിവച്ചിരിക്കുകയാണ്. പൈപ്പുകൾ കൂട്ടിച്ചേർത്ത ഭാഗത്തെ ചെറിയ ചോർച്ച അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടും പൈപ്പ് പൊട്ടിയത്. ഇതോടെ തീരദേശത്തെ പത്ത് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം വീണ്ടും തടസ്സപ്പെട്ടു. ഏങ്ങണ്ടിയൂർ മുതൽ ശ്രീനാരായണപുരം വരെയുള്ള പത്ത് പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണമാണ് തുടരെയുള്ള പൈപ്പ് പൊട്ടൽ മൂലം താറുമാറായിട്ടുള്ളത്. കുടിവെള്ളം ലഭ്യമാകാതായതോടെ ഈ പഞ്ചായത്തുകളിലുള്ളവർ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. പൈപ്പുകളുടെ കാലപ്പഴക്കമാണ് തുടരെയുള്ള പൊട്ടലിന് കാരണമെന്നാണ് പറയുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പുകൾ ശാസ്ത്രീയമായ രീതിയിൽ പൂർണമായും മാറ്റി സ്ഥാപിക്കുന്നതിന് ജല അതോറിറ്റി തയ്യാറാകണമെന്നാണ് ഉയരുന്ന ആവശ്യം.

കാരണം പൈപ്പുകളുടെ കാലപ്പഴക്കം

കാലപ്പഴക്കം മൂലമാണ് പൈപ്പുകൾ തുടരെ പൊട്ടുന്നതെന്നാണ് ജനങ്ങൾ പറയുന്നത്. പൈപ്പുകളിൽ വെള്ളം കടന്നുപോകുന്നതിന്റെ സഞ്ചാര സ്ഥിതി അറിയാതെ വാൾവുകളുടെ ദിശ മാറ്റുന്നതും പൈപ്പ് പൊട്ടലിന് കാരണമാകുന്നുവെന്നാണ് ആരോപണം. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിച്ചാലെ തുടരെത്തുടരെയുള്ള പൈപ്പ് പൊട്ടലിന് അറുതിയാകൂ.