
തൃശൂർ: ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്രപരിഷ്‌കാരങ്ങൾക്ക് രൂപം നൽകി പ്രവർത്തിക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി അഞ്ചാം വർഷത്തിലേക്ക്. കേരളത്തെ സമ്പൂർണ്ണ ബിരുദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യം മുൻനിറുത്തി 28 യു.ജി, പി.ജി പ്രോഗ്രാമുകൾക്ക് ഈ അദ്ധ്യയന വർഷം അപേക്ഷ ക്ഷണിച്ചതായി വൈസ് ചാൻസിലർ പ്രൊഫ.ഡോ.വി.പി.ജഗതി രാജ് പത്രസമ്മേളനത്തിൽ അറിയിച്ചു.
നൂതന ഹ്രസ്വകാല കോഴ്‌സും തുടങ്ങും. ആദ്യഘട്ടമായി ഈ മാസം മൂന്ന് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിക്കും.
ഐ.സി.ടി അക്കാഡമിയുമായി സഹകരിച്ച് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ സൈബർ സെക്യൂരിറ്റി, ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗുമായി ചേർന്ന് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ മെഷീൻ ഇന്റലിജൻസ്, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസുമായി സഹകരിച്ച് കമ്മ്യൂണിക്കേഷൻ സ്‌കിൽസ് ആൻഡ് ഫൗണ്ടേഷൻ കോഴ്‌സ് ഫോർ ഐ.ഇ.എൽ.ടി.എസ് ആൻഡ് ഒ.ഇ.ടി കോഴ്‌സുകൾക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.
ബി.എസ്‌സി ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ്, ബി.എസ്‌സി മൾട്ടി മീഡിയ ബിരുദ പ്രോഗ്രാമുകൾ യു.ജി.സിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഈ അദ്ധ്യയന വർഷം തുടങ്ങാനാകും. എം.ബി.എ, എം.സി.എ പ്രോഗ്രാമുകൾ അടുത്ത വർഷം തുടങ്ങും. 50,000 ഓളം പഠിതാക്കൾ യൂണിവേഴ്‌സിറ്റിയിലുണ്ട്. വരും വർഷങ്ങളിൽ ഒരു ലക്ഷം പഠിതാക്കളെ എത്തിക്കുകയാണ് ലക്ഷ്യം. പ്രായപരിധിയില്ലാതെ പഠിക്കാം എന്നതാണ് യൂണിവേഴ്‌സിറ്റിയുടെ സ്വീകാര്യത കൂട്ടുന്നത്. ബി.എ നാനോ ഓൺട്രപ്രണർഷിപ്പ് പ്രോഗ്രാം യു.ജി.സി അംഗീകാരത്തോടെ ഇന്ത്യയിൽ ആദ്യമായി നടത്തുന്ന യൂണിവേഴ്‌സിറ്റിയാണിത്. പഠനം പാതിവഴിയിൽ നിറുത്തിയവർക്ക് ബിരുദം നേടുന്നതിനോടൊപ്പം സംരംഭം വിജയകരമായി നടത്തുന്നത് പ്രായോഗികമായി പഠിക്കാനും ഈ പ്രോഗ്രാം സഹായിക്കും. ഇതിന് കുടുംബശ്രീ പോലുള്ള സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കും. സിൻഡിക്കേറ്റ് അംഗം പ്രൊഫ.ടി.എം.വിജയൻ, ഡോ.എം.യു.സിജി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഓപ്പൺ യൂണി. പരീക്ഷാഫലം
പ്രസിദ്ധീകരിച്ചു
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ (2022 അഡ്മിഷൻ) ബി.എ അറബിക് /ഇംഗ്ലീഷ്/ഹിന്ദി/മലയാളം/സംസ്കൃതം യു. ജി പ്രോഗ്രാമുകളുടെയും എം.എ ഇംഗ്ലീഷ്/ മലയാളം പി.ജി പ്രോഗ്രാമുകളുടെയും ഒന്നാം സെമസ്റ്റർ മേയ് 2024 സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. പഠിതാക്കളുടെ കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ https://dms.sgou.ac.in/ciep/public/learner-irs-gradecard എന്ന ലിങ്കിൽ ലഭിക്കും. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്നും സർവകലാശാലയിൽ നിന്നുമുള്ള അറിയിപ്പ് ലഭിച്ചതിനു ശേഷം ഡൗൺലോഡ് ചെയ്യാം.
പുനർമൂല്യനിർണയം (യു. ജി. പ്രോഗ്രാമുകൾക്ക് മാത്രം), ഉത്തരക്കടലാസിന്റെ സോഫ്ട് കോപ്പി ലഭിക്കുന്നതിന് എന്നിവയ്ക്ക് erp.sgou.ac.in ലെ ലേണർ ഡാഷ്ബോർഡിലൂടെ നിശ്ചിത ഫീസ് അടച്ച് 18ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. ഉത്തരക്കടലാസുകളുടെ സോഫ്ട് കോപ്പി ലഭിച്ചതിന് ശേഷം റീവാല്യൂവേഷന് അപേക്ഷിക്കാം.