1

തൃശൂർ: എ.ഡി.ജി.പിയെ മാറ്റിനിറുത്തുന്നത് സാദ്ധ്യമാകുമെന്ന് തന്നെയാണ് കരുതുന്നതെന്നും സി.പി.ഐ എക്‌സിക്യൂട്ടീവിൽ ഒരു ഭിന്നതയുമില്ലെന്നും മന്ത്രി കെ.രാജൻ. സി.പി.ഐ എക്‌സിക്യൂട്ടീവോ കൗൺസിലോ ഭിന്നതയുടെ കേന്ദ്രമല്ല. ഇപ്പോൾ പാർട്ടി എടുത്ത എല്ലാ നിലപാടും ഏകകണ്ഠമായി എടുത്തതാണ്. സെക്രട്ടറി ഒറ്റപ്പെട്ടിട്ടില്ല. സെക്രട്ടറി ഒറ്റപ്പെട്ടാൽ പിന്നെ സംഘടന ഉണ്ടാവില്ല. അത്തരമൊരു സംഭവവും ഉണ്ടായിട്ടില്ല. സി.പി.ഐയിൽ നടക്കുന്നത് ആരോഗ്യകരമായ ചർച്ച മാത്രമാണ്.

ഭിന്നത ഉണ്ടെന്ന് പറയുന്നത് മാദ്ധ്യമസൃഷ്ടിയാണ്. മാദ്ധ്യമങ്ങളെ അഭിപ്രായം പറയാൻ ആരും ചുമതലപ്പെടുത്തിയിട്ടില്ല. പാർട്ടിയുടെ അഭിപ്രായം പാർട്ടി സെക്രട്ടറി പറയുന്നുണ്ട്. ആരെയാണോ പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത് അവരും പറയും. ആര് പറഞ്ഞാലും അത് പാർട്ടിയുടെ നിലപാടായിരിക്കും. പാർട്ടി എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ജനങ്ങളെ അറിയിക്കും. എ.ഡി.ജി.പിയെ പുറത്താക്കിയില്ലെങ്കിൽ എന്തു ചെയ്യണം എന്ന നിലപാടിലേക്ക് എത്തിയിട്ടില്ല. സി.പി.ഐ മുന്നോട്ടുവച്ച കാര്യം അംഗീകരിക്കപ്പെടും എന്നതാണ് വിശ്വാസമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.