1

ചെറുതുരുത്തി: ചീരക്കുഴി കനാൽ വൃത്തിയാക്കാനും ചെളി നീക്കാനും 70 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റും ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം. റോഡ് ഇടിഞ്ഞ് കനാലിന്റെ സ്വാഭാവിക നീരൊഴുക്ക് ഇല്ലാതായ ഭാഗത്തെ മണ്ണ് നീക്കം ചെയ്യാൻ തീരുമാനിച്ചതായും സംഘം വ്യക്തമാക്കി. ചെറുതുരുത്തി ഇരട്ടക്കുളം ഭാഗത്ത് ചീരക്കുഴി കനാൽ മഴയിൽ ഇടിഞ്ഞ് ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ച സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയതായിരുന്നു വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദർ, ഇറിഗേഷൻ ചീഫ് എൻജിനീയർ ശ്യാം ഗോപാൽ എന്നിവരടങ്ങിയ സംഘം. ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി തുറന്നു നൽകാൻ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് താത്കാലിക പാത നിർമ്മിക്കാനും ആവശ്യമായ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് റോഡ് പുതുക്കിപ്പണിയാനും തീരുമാനമായി. അടുത്തദിവസം തന്നെ പണിയാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇറിഗേഷൻ സൂപ്രണ്ട് എൻജിനീയർ രമേശ് കുമാർ, എക്‌സിക്യൂട്ടീവ് എൻജിനീയർ ബൈജു, എ.എക്‌സ്.ഇ റോഷ്‌നി, എ.ഇ.വസുല തുടങ്ങിയവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു. മൂന്ന് മാസം കഴിഞ്ഞിട്ടും വിഷയത്തിൽ നടപടിയെടുക്കാത്ത വകുപ്പുകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിരുന്നു.