vahana-nira
ഇന്നലെഉച്ചക്ക് ആമ്പല്ലൂരില്‍നിന്നുംപുതുക്കാട്വരെനീണ്ടവാഹന നിര

പുതുക്കാട്: ദേശീയ പാതയിലെ ആമ്പല്ലൂർ-പേരാമ്പ്ര അടിപ്പാതകളുടെ നിർമ്മാണത്തിൽ വലഞ്ഞ് യാത്രക്കാർ. ആമ്പല്ലൂരിലും പേരാമ്പ്രയിയിലും വാഹനങ്ങളുടെ നീണ്ട നിര കിലോമിറ്റുകൾ നീളും. രാവിലെയും വൈകുന്നേരങ്ങളിലും ഇത് ഇരട്ടിയാകും. പ്രധാന പാതയിലൂടെ വരുന്ന വാഹനങ്ങൾ നിർമ്മാണ സ്ഥലത്തെത്തുമ്പോൾ ഒറ്റ വാരിയായി സർവീസ് റോഡിൽ പ്രവേശിക്കും. എന്നാൽ മറ്റിടങ്ങളിൽനിന്ന് വരുന്ന വാഹനങ്ങളും സർവീസ് റോഡിൽ എത്തുന്നതോടെ കുരുക്ക് രൂക്ഷമാകും.
നിലവിൽ പ്രധാന പാതയുടെ പടിഞ്ഞാറു ഭാഗത്താണ് നിർമ്മാണം ആരംഭിച്ചത്. അടിപ്പാത നിർമ്മാണത്തിന് മുമ്പ് ആരംഭിച്ച സർവീസ് റോഡുകളുടെ പുനർനിർമ്മാണം പൂർത്തിയാക്കുന്നതിന് മുമ്പ് അടിപ്പാതയുടെ നിർമ്മാണം ആരംഭിച്ചതാണ് വിനയായത്. സർവീസ് റോഡുകളുടെ കാനകൾ പൊളിച്ച് പുനർനിർമ്മാണവും റോഡിലെ ടാറിംഗ് പൊളിച്ച് മാറ്റി പുതിയ ടാറിംഗ് നടത്താനുള്ള പദ്ധതിയും ഇതുവരെ പൂർത്തിയായിട്ടില്ല. റോഡുകളിലെ ടാർ പൊളിച്ച് മാറ്റിയെങ്കിലും ടാറിംഗ് നടത്താത്തത് പൊടിശല്യം രൂക്ഷമാകാൻ കാരണമായി.
ഒരു വശത്ത് മാത്രം നിർമ്മാണം ആരംഭിച്ചപ്പോൾ ഇത്രയും ദുരിതമാണെങ്കിൽ ഇരുവശത്തും നിർമ്മാണം ആരംഭിച്ചാൽ എന്താകുമെന്ന് സംശയത്തിലാണ് നാട്ടുകാർ.

വിനയായത് തിരക്കിട്ട നിർമ്മാണം


യാത്രാ ദുരിതത്തിന് പ്രധാന കാരണം മുന്നറിയിപ്പും നൽകാതെ തിരക്കിട്ടുള്ള നിർമ്മാണം. ആമ്പല്ലൂർ അടിപ്പാതയുടെ പ്രധാന പ്രവൃത്തികൾ 26 ന് ആരംഭിക്കുകയുള്ളെന്ന് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലും എം. എൽ എ ആമ്പല്ലൂരിൽ വിളിച്ച് ചേർത്ത യോഗത്തിലും ദേശീയ പാത അതോററ്റി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. നിർമ്മാണത്തിന് മുമ്പായി സർവീസ് റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന് എം.എൽ.എ ഉൾപ്പെടെയുളളവരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർദേശങ്ങൾ പാലിക്കാതെയുള്ള കരാർ കമ്പനിയുടെ നിർമ്മാണമാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം. എന്നാൽ പത്ത് ദിവസം മുമ്പ് ആരംഭിച്ച അടിപ്പാത നിർമ്മാണം കാര്യമായി ഒരു പുരോഗതിയില്ലെന്നും ആക്ഷേപമുണ്ട്.