
തൃശൂർ: പശ്ചിമേഷ്യയിൽ യുദ്ധക്കെടുതിക്ക് ഇരകളാകുന്ന ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ ജെ.ചിത്തരഞ്ജൻ ഫൗണ്ടേഷന്റെ അവാർഡ് തിരുപ്പൂർ എം.പിയും എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറിയുമായ കെ.സുബ്ബരായന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തം നിറവേറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിന് കത്തയച്ചിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധക്കൊതിയന്മാരായ ഇസ്രയേലിലെ സയണിസ്റ്റുകളുടെ അടുത്ത ബന്ധു അമേരിക്കയാണ്. സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും യുദ്ധവെറിയന്മാരെ ഒറ്റപ്പെടുത്തുകയും വേണം. മോദി സർക്കാർ കോർപ്പറേറ്റ് കൊള്ളക്കാർക്കായി രാജ്യത്തെ ഒറ്റുകൊടുത്തു. ലേബർ കോഡുകളുടെ മറവിൽ തൊഴിലാളികളെ ഉന്മൂലനം ചെയ്യാനുള്ള മോഡിയുടെ ശ്രമം അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.രാജൻ അവാർഡ് സമർപ്പിച്ചു.
ഇന്ത്യയിലെ തൊഴിലാളികൾ വർഗ്ഗ ഐക്യത്തോടെ മുന്നേറേണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കെ.സുബ്ബരായൻ എം.പി അഭിപ്രായപ്പെട്ടു. പത്ര പ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് എടപ്പാളിനെ ആദരിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ അദ്ധ്യക്ഷനായി. കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജിമോൾ, കെ.എസ്.ഇന്ദുശേഖരൻ നായർ, കെ.മല്ലിക, സി.പി.മുരളി, ജയശ്ചന്ദ്രൻ കല്ലിംഗൽ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, എ.ഐ.ടി.യു.സി ജില്ലാ ജോ.സെക്രട്ടറി വി.ആർ.മനോജ് എന്നിവർ പ്രസംഗിച്ചു.