
കൊടുങ്ങല്ലൂർ : എം.എൻ.വിജയൻ മാഷെന്ന പ്രഭാഷണ കലയിലെ സ്ഥിര പ്രജ്ഞന്, രാഷ്ട്രീയ മനുഷ്യനായി ജീവൻ നൽകിയത് അദ്ദേഹത്തിന്റെ യൗവനത്തിലെ സാഹിത്യ സപര്യയായിരുന്നെന്ന് സാഹിത്യനിരൂപകൻ ഡോ.പി.കെ.രാജശേഖരൻ പറഞ്ഞു. പ്രൊഫ.എം.എൻ.വിജയന്റെ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്റ്റാലിനിസ്റ്റ് സർവാധിപത്യത്തിൽ നാടുകടത്തപ്പെട്ട സാഹിത്യകാരന്മാർ സംഭാവന ചെയ്ത ബഹുസ്വരതയെന്ന സാഹിത്യ ദർശനമാണ് സമഗ്രാധിപത്യത്തെ തള്ളി ജനാധിപത്യ വ്യവസ്ഥയ്ക്ക് ബീജാവാപം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. വിജയൻ മാഷ് ചോദ്യം ചെയ്ത രാഷ്ട്രീയ പ്രവണതകളെ ബഹുസ്വരത കൊണ്ട് തിരിച്ചുപിടിക്കലാണ് 21 ാം നൂറ്റാണ്ടിൽ ചെയ്യാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. പി.ബി മുഹമ്മദ് റാഫി അദ്ധ്യക്ഷനായി. കവി പി.എൻ.ഗോപീകൃഷ്ണൻ, സുധീർ ഗോപിനാഥ്, പി.കെ.നൂറുദ്ദീൻ, ഇസാബിൻ അബ്ദുൾ കരീം എന്നിവർ സംസാരിച്ചു.