a

കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് സർക്കാരും വനംവകുപ്പും ഉദ്യോഗസ്ഥരുമെല്ലാം സമ്മതിക്കുമ്പോഴും അവയുടെ കൃത്യമായ എണ്ണം എത്രയെന്ന് വ്യക്തമല്ല. മൂന്ന് വർഷത്തിനിടെ പത്തിരട്ടിയിലേറെ കൂടിയെന്നാണ് അനൗദ്യോഗിക കണക്കുകളിലൂടെ വെളിപ്പെടുന്നത്. വളരെ വേഗത്തിൽ പെറ്റുപെരുകുന്നതിനാൽ കാട്ടുപന്നികളുടെ കണക്ക് ശേഖരിക്കുന്നത് പ്രായോഗികമല്ലെന്നാണ് വനംവകുപ്പ് സർക്കാരിനെ ബോധിപ്പിച്ചത്. പക്ഷേ, പന്നിക്കൂട്ടങ്ങൾ കാട്ടിലല്ല, നാട്ടിലാണ് ഏറെയുമെന്നതാണ് കർഷകരുടെ പ്രധാന ആശങ്ക. നാട്ടിൻപുറങ്ങളിലെ കുറ്റിക്കാടുകൾ കേന്ദ്രീകരിച്ച് കാട്ടുപന്നികൾ പ്രസവിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് തന്നെ പറയുന്നത്. നാട്ടിലേക്ക് ഇറങ്ങുന്ന പന്നികൾ തിരിച്ചു കാട്ടിലേക്ക് മടങ്ങുന്നില്ല. നാട്ടിൽ ധാരാളം ഭക്ഷണവും വെള്ളവും ലഭിക്കുന്നതിനാൽ അനുകൂല സാഹചര്യമാണ്. ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം വർഷങ്ങളായി കേന്ദ്രം പരിഗണിച്ചിട്ടില്ല. ജീവനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ അതത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് കൊല്ലാൻ അനുമതി മാത്രമാണ് നൽകിയത്.

കഴിഞ്ഞദിവസം തൃശൂർ വരവൂർ ഗ്രാമപഞ്ചായത്തിലെ പിലക്കാട് രാമങ്കുളം പാടശേഖരത്തിൽ പനംകുറ്റി കുളത്തിനു സമീപം പാടത്ത് ഷോക്കേറ്റ് മരിച്ച നിലയിൽ സഹോദരങ്ങളെ കണ്ടെത്തിയിരുന്നു.

കൃഷി നശിപ്പിക്കാൻ വരുന്ന പന്നികൾക്ക് വേണ്ടി വച്ച വൈദ്യുതി കമ്പനിയിൽ നിന്നും ഷോക്കേറ്റാണ് ഈ ദാരുണമരണമുണ്ടായത്. സമീപത്തു തന്നെ കാട്ടുപന്നിയും ഷാേക്കേറ്റ് ചത്ത നിലയിലുണ്ടായിരുന്നു. അതേദിവസം തന്നെ അങ്കമാലി മുന്നൂർപ്പിള്ളിയിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ യുവതിക്കും മകനും ഗുരുതരമായി പരിക്കേറ്റിരുന്നു. സ്കൂട്ടറിൽ മരണവീട്ടിൽ പോയി മടങ്ങുമ്പോൾ മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡിൽവെച്ചായിരുന്നു കാട്ടുപന്നികൾ സ്കൂട്ടറിന് നേരേ പാഞ്ഞടുത്തത്. കുത്തേറ്റ് മറിഞ്ഞുവീണ ജിനിയെയും എബിനെയും വീണ്ടും കാട്ടുപന്നികൾ ആക്രമിച്ചു. രക്തം വാർന്നൊഴുകി ബോധം നഷ്ടപ്പെട്ട ഇവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

കാട്ടുപന്നികൾ വ്യാപകമായ പ്രദേശങ്ങളിൽ അവയെ വെടിവെയ്ക്കാൻ വൈദഗ്ദ്ധ്യമുള്ളവരെ ഉൾപ്പെടുത്തി പ്രത്യേക പാനൽ രൂപീകരിക്കാനും അവയുടെ പ്രവർത്തനം ഫലപ്രദമായി നടപ്പിലാക്കാനും വനം മന്ത്രി എ.കെ. ശശീന്ദ്രൻ വിളിച്ചു ചേർത്ത ഉന്നതതലയോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. വെടിവെക്കാൻ വൈദഗ്ദ്ധ്യമുള്ള ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ സർവീസിൽ നിന്നും വിരമിച്ചവർ, വിരമിച്ച ജവാന്മാർ, റൈഫിൾ ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളവർ തുടങ്ങി ഇതിൽ താത്പര്യമുള്ളവരെ ഉൾപ്പെടുത്തിയാണ് പാനൽ തയ്യാറാക്കുന്നത്. പ്രശ്‌നബാധിത മേഖലകളിൽ തയ്യാറാക്കിയ ഷൂട്ടേഴ്‌സിന്റെ പാനൽ വിപുലീകരിക്കാനും റൈഫിൾ ക്ലബ് അംഗങ്ങൾ, വിരമിച്ച ജവാന്മാർ, ലൈസൻസ് ഉള്ളതും തോക്ക് ഉള്ളതുമായവർ എന്നിവരെ നിലിവിലുള്ള പാനലിൽ ഉൾപ്പെടുത്തി കൂട്ടിച്ചേർക്കാനും നടപടികളായിട്ടുണ്ട്.

ഷൂട്ടർമാരെ തേടി...

വെടിവെച്ച് പന്നികളെ ഇല്ലാതാക്കുന്നത് എളുപ്പമല്ലാതായെന്നാണ് തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതികൾ പറയുന്നത്. ഷൂട്ടർമാരെ കിട്ടാനില്ലെന്ന് മാത്രമല്ല, വെടിവയ്ക്കാൻ പോകുമ്പോൾ പന്നി ഒരു സ്ഥലത്ത് നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കും. കുറെ ദൂരം യാത്ര ചെയ്യേണ്ടി വരുമെന്നതിനാൽ തോക്ക് ലൈസൻസുള്ളവർക്കും മടിയാണ്. പ്രതിഫലം കുറവായതിനാൽ ആരും മുന്നോട്ടുവരികയുമില്ല. തോക്ക് ലൈസൻസും വനംവകുപ്പിന്റെ പരിശീലനം ലഭിച്ചവർക്കും പന്നിയെ വെടിവയ്ക്കാം. ആയിരം രൂപയാണ് പ്രതിഫലം. അതേസമയം, ഷൂട്ടേഴ്‌സിനുള്ള തുക അനുവദിക്കാൻ ദുരന്തനിവാരണ ഫണ്ട് ഉപയോഗിക്കാൻ ആവശ്യപ്പെടുമെന്നാണ് പുതിയ വിവരം. ജഡം സംസ്‌കരിക്കുന്നതിനുള്ള ചെലവ് തുക വർദ്ധിപ്പിക്കും. ഇതിനും ദുരന്തനിവാരണ ഫണ്ട് അനുവദിക്കാൻ ആവശ്യപ്പെടും. വന്യജീവി ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രത്യേക ഫണ്ട് ആവശ്യപ്പെടുന്നത്. ജനവാസ മേഖലയിൽ ഇറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരെയും താത്പര്യമുള്ള ആളുകളെയും ലഭ്യമാകുന്നില്ല എന്ന പ്രശ്‌നം ഉയർന്ന സാഹചര്യത്തിലാണ് പ്രത്യേക ഷൂട്ടർമാരുടെ പാനലും സ്‌ക്വാഡും രൂപീകരിക്കാൻ വനം വകുപ്പ് കഴിഞ്ഞദിവസം തീരുമാനിച്ചത്.

ത്രിശങ്കുവിൽ

പഞ്ചായത്തുകൾ

ശല്യക്കാരായ കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതി അടുത്ത വർഷം മേയ് 27 വരെ നീട്ടിയെങ്കിലും കർശനമായി നടപ്പാക്കാനാവാത്ത നിലയിലാണ് തദ്ദേശസ്ഥാപനങ്ങൾ. ചില പഞ്ചായത്തുകൾക്ക് ഫണ്ടാണ് പ്രതിസന്ധിയെങ്കിൽ ഷൂട്ടർമാരെ കിട്ടാനില്ലാത്തതാണ് ഭൂരിഭാഗം സ്ഥലങ്ങളിലേയും പ്രശ്‌നം. കാട്ടുപന്നിക്കൂട്ടങ്ങൾ വിള നശിപ്പിക്കുകയും ജീവനെടുക്കുകയും ചെയ്യുമ്പോൾ നെട്ടോട്ടമോടുന്നത് കർഷകരാണ്. കാട്ടുപന്നികളെ കൊല്ലാൻ അനുമതി ലഭിച്ചത് 2020 മേയിലായിരുന്നു. പിന്നീട് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത് 2022ലും. ഏപ്രിൽ മുതൽ സെപ്തംബർ വരെയുളള മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ കണക്ക് പരിശോധിച്ചാൽ കാട്ടാന നടത്തിയ 2518 അക്രമങ്ങളിൽ നാലുപേർ മരിച്ചപ്പോൾ കാട്ടുപന്നികളുടെ ആക്രമണത്തിലും അത്രയും പേർ മരിച്ചു.

കാട്ടാന കാരണം പരിക്കേറ്റത് 31 പേർക്കാണെങ്കിൽ, കാട്ടുപന്നി ആക്രമിച്ചത് 42 പേരെയാണ്. കൃഷിനാശത്തിൽ രണ്ടാമനായ വന്യമൃഗമാണ് കാട്ടുപന്നി. ഒന്നാമത് കാട്ടാനയാണ്.

മാലിന്യങ്ങളും പ്രശ്നം

കടലോരങ്ങളോട് ചേർന്ന് കുറ്റിക്കാടുളള ഗ്രാമങ്ങളിൽ വരെ കാട്ടുപന്നികളെത്തി തുടങ്ങിയിട്ടുണ്ട്. തെരുവുനായ്ക്കളെപ്പോലെ വഴിയോരങ്ങളിലെ മാലിന്യം തിന്നാൻ വരെ കാട്ടുപന്നികളെത്തുന്നുണ്ടെന്ന് കർഷകർ പറയുന്നു. രാത്രികാലങ്ങളിലാണ് ശല്യം കൂടുതലും. വഴിയോരങ്ങളിലേയും മാർക്കറ്റുകളിലേയും പച്ചക്കറി മാലിന്യങ്ങളും മറ്റും ഇഷ്ടപ്പെട്ടതോടെ ഇവയുടെ ശല്യം കൂടുമെന്നാണ് വിദഗ്ദ്ധരുടേയും അഭിപ്രായം.

ചെറുതുരുത്തി വെട്ടിക്കാട്ടിരിയിൽ മാസങ്ങൾക്ക് മുൻപ് മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളാണ് പന്നിയുടെ മുന്നിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അതിരപ്പിള്ളിയിലും നിരവധി തൊഴിലാളികൾ പന്നിയുടെ ആക്രമണത്തിനിരയായി. മലയോരഗ്രാമങ്ങളിൽ പ്രധാനമായിരുന്ന കപ്പക്കൃഷി നടത്താൻ ഈയിടെയായി കർഷകർ തയ്യാറാവുന്നില്ല. കൃഷിയിടങ്ങളിൽ കൂട്ടത്തോടെ പന്നിയിറങ്ങി നശിപ്പിക്കുന്നത് വ്യാപകമായതോടെയാണിത്. വീണുകിടക്കുന്ന നാളികേരവും നെൽക്കൃഷിയും വാഴയും കാട്ടുപന്നികൾ നശിപ്പിക്കും. ചേമ്പ്, ചേന, കൂവ തുടങ്ങിയ വിളകളും നശിപ്പിക്കുന്നുണ്ട്. കാട്ടുപന്നികൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനങ്ങൾ ഇടിച്ച് അപകടം ഉണ്ടാകുന്നതും പതിവാകുകയാണ്.