waste-

തൃശൂർ: ജില്ലയിലെ സ്‌കൂളുകളിലും കോളേജുകളിലും വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന ഇലക്ട്രോണിക്‌സ് മാലിന്യം ശേഖരിച്ച് ഇനി ക്ലീൻ കേരളാ കമ്പനിക്ക് കൈമാറും. അപകടകരമായ മാലിന്യമായ പഴയ എക്‌സ് റേ ഫിലിമുകൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്നതിനും സ്‌പെഷ്യൽ ഡ്രൈവ് വരും. ഹരിതകേരളം മിഷനും ശുചിത്വ മിഷനും വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇ- മാലിന്യം ശേഖരിക്കാൻ തുടങ്ങിയിരുന്നു.

ലാപ്‌ടോപ്, കമ്പ്യൂട്ടറുകൾ, ടി.വികൾ, യു.പി.എസ്, ബാറ്ററികൾ തുടങ്ങിയവ എങ്ങനെ നീക്കം ചെയ്യുമെന്നറിയാതെ നട്ടം തിരിയുകയാണ് സ്‌കൂൾ അധികൃതർ. ഈ സാഹചര്യത്തിലാണ് ക്ലീൻ കേരള കമ്പനി സ്‌പെഷ്യൽ ഡ്രൈവിലൂടെ മാലിന്യശേഖരണത്തിനു വഴിയൊരുക്കുന്നത്. ഇ- മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി ശേഖരിച്ച് ശാസ്ത്രീയ സംസ്‌കരണത്തിനയക്കും.

പഴയ എക്‌സ് റേ ഫിലിമുകൾ വീടുകളിൽ കത്തിക്കുന്ന പ്രവണത കൂടിവരികയാണ്. ഇത് മാരകമായ വിഷവാതകങ്ങൾ സൃഷ്ടിക്കും. ഈ സാഹചര്യത്തിലാണ് പ്രത്യേക ഡ്രൈവ് ക്‌ളസ്റ്റർ അടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. ഒക്ടോബർ 2 ന് ആരംഭിച്ച് അടുത്ത മാർച്ച് 30 ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെയുള്ള മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ജില്ലയിലെ ഉദ്ഘാടനം റവന്യു മന്ത്രി കെ. രാജൻ കഴിഞ്ഞദിവസം നിർവഹിച്ചിരുന്നു. 2025 മാർച്ച് 30 ആകുമ്പോഴേക്കും സമ്പൂർണ ശുചിത്വ പദവി കൈവരിക്കുന്ന സംസ്ഥാനമാക്കുകയെന്നതാണ് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ലക്ഷ്യം.


എം.സി.എഫുകൾ കൂടും

മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പൊലീസ് അക്കാഡമിയിലും തൃശൂർ അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിലും മെറ്റീരിയിൽ കളക്‌ഷൻ ഫെസിലിറ്റി സെന്റർ ക്‌ളീൻ കേരളകമ്പനി നിർമ്മിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടനവും ഉടൻ നടക്കും. കൂടുതൽ എം.സി.എഫുകൾ സ്ഥാപിക്കാനുളള ശ്രമങ്ങളും നടക്കുന്നുണ്ട്. പഞ്ചായത്തുകളിൽ നിന്നും തുണി മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യാനുള്ള നടപടികൾക്കും വേഗം കൂട്ടി. തിരഞ്ഞെടുക്കുന്ന കോർപറേഷനിലും മുനിസിപ്പാലിറ്റിയിലും പഞ്ചായത്തിലുമാണ് തുണിമാലിന്യവും എക്‌സ് റെയും ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഒരേസമയം ശേഖരിക്കുക. സൗജന്യമായാണ് ഇത് നടക്കുക. അതിന്റെ ഫലപ്രാപ്തി തിരിച്ചറിഞ്ഞാകും മറ്റിടങ്ങളിലേക്കും വ്യാപിക്കുക.


ജില്ലയിൽ സെപ്തംബറിൽ ശേഖരിച്ച പാഴ്‌വസ്തുക്കൾ

തരംതിരിച്ച പാഴ്‌വസ്തുക്കൾ: 100.36 ടൺ
നിഷ്‌ക്രിയമാലിന്യം: 351.2 ടൺ
ഗ്‌ളാസ് മാലിന്യം: 16.435 ടൺ
ആകെ: 468ടൺ


തുണി മാലിന്യങ്ങൾ ശേഖരിക്കാനുളള സ്‌പെഷ്യൽ ഡ്രൈവ് രണ്ട് മാസത്തിനുള്ളിൽ തന്നെ നടപ്പാക്കും.

- ശംഭുഭാസ്‌കർ, ജില്ലാ മാനേജർ, ക്‌ളീൻ കേരള കമ്പനി